റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ ഭരണ കക്ഷിയായ ഇന്ത്യാ സഖ്യം സീറ്റ് വിഭജനത്തെ ചൊല്ലി പിരിയുമോ? മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) കോണ്‍ഗ്രസും 70 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സഖ്യകക്ഷിയായ ആര്‍ജെഡിയും സിപിഐ എംഎല്ലും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. ആകെ 81 സീറ്റില്‍ 11 സീറ്റു മാത്രമാണ് ഇന്ത്യ മുന്നണിയിലെ മറ്റു സഖ്യകക്ഷികള്‍ക്കായി കോണ്‍ഗ്രസും ജെഎംഎമ്മും മാറ്റിവച്ചിരിക്കുന്നത്.
എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നാണ് ആര്‍ജെഡിയുടെ പ്രതികരണം. രണ്ടു മിനിറ്റ് കൊണ്ട് നൂഡില്‍സ് ഉണ്ടാക്കുന്നത് പോലെയല്ല തീരുമാനങ്ങളെടുക്കേണ്ടതെന്നും സീറ്റി വിഭജനത്തില്‍ സഖ്യകക്ഷികളെ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ആര്‍ജെഡി എംപി മനോജ് ഝാ പ്രതികരിച്ചു. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ ഏഴു സീറ്റില്‍ മത്സരിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നെങ്കില്‍ സഖ്യത്തിലെ മറ്റു പലരും രണ്ടാം സ്ഥാനത്തു പോലും എത്തുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവിധ ജില്ലകളില്‍ ആര്‍ജെഡി കരുത്തരാണ്. സഖ്യം തീരുമാനം പുനപ്പരിശോധിക്കണം. തേജസ്വി യാദവ് ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കളെല്ലാം ജാര്‍ഖണ്ഡിലുണ്ട്. എല്ലാവരും ഇവിടെ ഉണ്ടായിരുന്നിട്ടും സഖ്യ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താത്തത് വേദനിപ്പുക്കുന്നതാണ്. 15 മുതല്‍ 18 വരെ സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആര്‍ജെഡിക്ക് ശേഷിയുണ്ടെന്നാണ് ഇന്നത്തെ പാര്‍ട്ടി യോഗം വിലയിരുത്തിയതെന്നും മനോജ് ഝാ പറഞ്ഞു.
കഴിഞ്ഞ തവണ 14 സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ മാത്രം ജയിച്ച സിപിഐ എംഎലും സഖ്യത്തിന്റെ നീക്കത്തില്‍ രൂക്ഷമായി പ്രതികരിച്ചു. 12 സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ഏഴ് സീറ്റുകളെങ്കിലും ലഭിച്ചില്ലെങ്കില്‍ ഇന്ത്യാ സഖ്യം വിടുമെന്ന മുന്നറിയിപ്പും പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യത്തില്‍ സിപിഐ എംഎല്‍ ഉണ്ടായിരുന്നില്ല.
ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണനുള്ള അവസാന തീയതി ഒക്ടോബര്‍ 25ഉം, രണ്ടാം ഘട്ടത്തിന്റേത് ഒക്ടോബര്‍ 29ഉം ആണ്. ഈ ദിവസങ്ങള്‍ അടുത്തു വരുന്നതിനിടെ ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസും ജെഎംഎമ്മും ഉണ്ടാക്കിയ 70-11 ഫോര്‍മുല മറ്റു പാര്‍ട്ടിയുമായി കൂടിയാലോചിച്ചായിരുന്നില്ല എന്നാണ് ആരോപണം.