ജിദ്ദ – ഉക്രൈന്‍ സമാധാന ചര്‍ച്ചക്കുള്ള ആത്മാര്‍ഥവും സ്വീകാര്യവുമായ വേദിയാണ് സൗദി അറേബ്യയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ പറഞ്ഞു. എന്നാല്‍ ഏതു ചര്‍ച്ചകളും റഷ്യയുമായി ഇടപെടാനുള്ള വിലക്ക് ഉക്രൈന്‍ നീക്കുന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് മോസ്‌കോയില്‍ ബ്രിക്‌സ് ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്ത് പുട്ടിന്‍ പറഞ്ഞു.
സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ആശയത്തോട് തനിക്ക് തുറന്ന മനസ്സാണെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പുട്ടിന്‍ പറഞ്ഞു. സൗദി അറേബ്യ സ്വീകരാര്യമായ വേദിയായിരിക്കുമെങ്കിലും ചര്‍ച്ചകളുടെ സാരാംശം വേദിയെക്കാള്‍ പ്രധാനമാണെന്ന് പുട്ടിന്‍ പറഞ്ഞു. സൗദിയില്‍ സമാധാന ചര്‍ച്ച സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്ന പക്ഷം അത് തങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും. എന്നിരുന്നാലും ഏതു ചര്‍ച്ചകളുടെയും ശ്രദ്ധ മുന്‍ ചര്‍ച്ചകളെ, പ്രത്യേകിച്ചും 2022 ല്‍ ഇസ്താംബൂളില്‍ ആദ്യം ഉണ്ടാക്കിയ കരട് ഉടമ്പടി അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇസ്താംബൂള്‍ ഉടമ്പടിയില്‍ നിന്ന് പിന്നീട് ഉക്രൈന്‍ പിന്മാറി.
സമാധാനം കൈവരിക്കാന്‍ ചര്‍ച്ച തുടരാന്‍ ഞങ്ങള്‍ തയാറാണ്. മാസങ്ങളോളം വിശദമായ ചര്‍ച്ചകളിലൂടെ തയാറാക്കുകയും ഉക്രൈന്‍ മുന്‍കൈയെടുത്ത് മുന്നോട്ടുവെക്കുകയും ചെയ്ത രേഖയുടെ അടിസ്ഥാനത്തിലായിരിക്കണം തുടര്‍ ചര്‍ച്ചകള്‍ നടത്തേണ്ടത്. റഷ്യയല്ല, ഉക്രൈന്‍ ആണ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത് – പുട്ടന്‍ പറഞ്ഞു.
യു.എന്നില്‍ റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യ റഷ്യയുമായും ഉക്രൈനുമായും ശക്തമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് സന്തുലിതമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കാനുള്ള സന്നദ്ധതയും സൗദി അറേബ്യ പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ സന്തുലിതമായ സമീപനവും ഇരുപക്ഷത്തെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താനുള്ള കഴിവും പുട്ടിന്‍ അംഗീകരിച്ചു.
സമാധാന ചര്‍ച്ചകളോട് റഷ്യക്ക് തുറന്ന മനസ്സാണ്. ചര്‍ച്ചകളിലേക്ക് തിരികെ വരാന്‍ തങ്ങള്‍ തയാറാണ്. ഉക്രൈനെ പോലെയല്ല, സമാധാനപരമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ചര്‍ച്ചകള്‍ തുടരാന്‍ റഷ്യ താല്‍പര്യപ്പെടുന്നു. സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സംരംഭങ്ങളെയും പുട്ടിന്‍ സ്വാഗതം ചെയ്തു.
സല്‍മാന്‍ രാജാവുമായി തനിക്ക് നല്ല ബന്ധമുണ്ട്. കിരീടാവകാശിയുമായി സൗഹൃദപരവും വ്യക്തിപരവുമായ ബന്ധവുമുണ്ട്. സമാധാന ചര്‍ച്ചാ ദിശയില്‍ സൗദി അറേബ്യ ചെയ്യുന്നതെന്തും ആത്മാര്‍ഥമായിരിക്കുമെന്ന് എനിക്കറിയാം. ഇക്കാര്യത്തില്‍ സംശയമില്ല. മോസ്‌കോയുമായുള്ള സൗഹൃദബന്ധം സന്തുലിതമാക്കിക്കൊണ്ട് സൗദി അറേബ്യ ഒരു അമൂല്യമായ ഇടനിലക്കാരാണെന്ന് സ്വയം തെളിയിച്ചിട്ടുണ്ടെന്ന് പുട്ടിന്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലാണ് ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിക്‌സ് ഉച്ചകോടി വിശകലനം ചെയ്യുമെന്നും പുട്ടിന്‍ പറഞ്ഞു.
പതിനാറാമത് ബ്രിക്‌സ് ഉച്ചകോടി അടുത്തയാഴ്ച റഷ്യയിലെ കസാനില്‍ നടക്കും. ബ്രിക്‌സിലെ അടിസ്ഥാന അംഗങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങള്‍ക്കു പുറമെ, ഗ്രൂപ്പില്‍ പുതുതായി ചേര്‍ന്ന രാജ്യങ്ങളായ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു.എ.ഇ എന്നീ നാലു രാജ്യങ്ങള്‍ ആദ്യമായി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രിക്‌സില്‍ ചേരാന്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യക്കും ക്ഷണം ലഭിച്ചിരുന്നെങ്കിലും കസാന്‍ ഉച്ചകോടിയില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് രാജ്യത്തെ പ്രതിനിധീകരിക്കുക. ഫലസ്തീന്‍ രാഷ്ട്രത്തിന് ലോക രാഷ്ട്രങ്ങളുടെ അംഗീകാരം നേടിയെടുക്കാനും മധ്യപൗരസ്ത്യദേശത്തെ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ വഴി കണ്ടെത്താനും ശ്രമിച്ച് സൗദി വിദേശ മന്ത്രി ഒരു വര്‍ഷമായി ഊര്‍ജിതമായ നയതന്ത്ര ശ്രമങ്ങള്‍ നടത്തിവരികയാണ്.