ജിദ്ദ – മരുന്ന്, ഭക്ഷ്യവസ്തു മേഖലയില്‍ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഇന്ത്യ ചര്‍ച്ച. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം ബിന്‍ സഅദ് അല്‍ജദ്ഇയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് ഇക്കാര്യത്തില്‍ ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ഡ്രഗ് റെഗുലേറ്ററി അതോറിറ്റികളുടെ 19-ാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയപ്പോഴാണ് ഡോ. ഹിശാം ബിന്‍ സഅദ് അല്‍ജദ്ഇ ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമായുള്ള സഹകരണം അടക്കം വിവിധ പ്രവര്‍ത്തന മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ലോകമെമ്പാടും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ സുരക്ഷയും ഫലപ്രാപ്തിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി റെഗുലേറ്ററി ചട്ടക്കൂട് സമന്വയിപ്പിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയുമായുള്ള സഹകരണമെന്ന് ഡോ. ഹിശാം ബിന്‍ സഅദ് അല്‍ജദ്ഇ പറഞ്ഞു. മുഴുവന്‍ ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ഡോ. ഹിശാം ബിന്‍ സഅദ് അല്‍ജദ്ഇ പറഞ്ഞു.