ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചരിത്ര, സാംസ്കാരിക, സാഹിത്യ ഗവേഷണ പ്രസിദ്ധീകരണമായ ദാറ ജേണൽ ഓഫ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് മുഖ്യ പത്രാധിപരായ റിച്ചാഡ് ടി. മോർട്ടലിന് സൗദി പൗരത്വം സമ്മാനിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി. 1983 ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ റിച്ചാര്‍ഡ് മോര്‍ട്ടല്‍ ഇസ്‌ലാമിക ചരിത്ര വിദഗ്ധനും മുൻനിര എഡിറ്റർമാരിൽ ഒരാളുമാണ്. ഗവേഷണങ്ങളിലൂടെയും രചനകളിലൂടെയും അറബ്, ഇസ്ലാമിക ലോകത്തെ കുറിച്ചുള്ള സാംസ്‌കാരികവും ചരിത്രപരവുമായ അറിവ് വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം ഗണ്യമായ സംഭാവന നല്‍കി.
സൗദി അറേബ്യയുടെയും അറേബ്യൻ ഉപദ്വീപിന്റേയും പൈതൃകം, ചിന്ത, ചരിത്രം, സംസ്കാരം, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങളും പഠനങ്ങളുമാണ് ദാറ ജേണൽ പ്രസിദ്ധീകരിച്ചുവരുന്നത്. കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് (അല്‍ദാറ) പ്രസിദ്ധീകരിക്കുന്ന ത്രൈമാസ ഗവേഷണ പ്രസിദ്ധീകരണമായ മജല്ല അല്‍ദാറയുടെ ഇംഗ്ലീഷ് പതിപ്പാണ് ദാറ ജേണൽ.
1977 മുതല്‍ നീണ്ട 47 വര്‍ഷക്കാലം ഡോ. റിച്ചാര്‍ഡ് മോര്‍ട്ടല്‍ വിവിധ സൗദി യൂനിവേഴ്‌സിറ്റികളില്‍ സേവനമനുഷ്ഠിച്ചു. കിങ് സൗദ് യൂനിവേഴ്‌സിറ്റിയിലും ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും ഫാക്കല്‍റ്റി അംഗമായും കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സില്‍ വൈജ്ഞാനിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. സൗദി ചരിത്രവും പൈതൃകവും സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും ഉൾക്കൊള്ളുന്ന 18 പുസ്തകങ്ങളും ഡോ. റിച്ചാര്‍ഡ് മോര്‍ട്ടൽ രചിച്ചിട്ടുണ്ട്.
പല ഉപദേശക സമിതികളിലും അംഗമായ ഡോ. റിച്ചാര്‍ഡ് മോര്‍ട്ടലിന് വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് നിരവധി ബഹുമതികളും ആദരവുകളും ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിക പൈതൃകത്തെ കുറിച്ച് ശാസ്ത്രീയ അവബോധം വര്‍ധിപ്പിക്കുന്നതിലും ഗവേഷണങ്ങളിലും സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം സമ്പന്നമാക്കുന്നതിലും വഹിക്കുന്ന സുപ്രധാന പങ്കിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് സൗദി പൗരത്വം അനുവദിച്ചത്.