റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് റിയാദിൽ രൂപീകരിച്ച സഹായ സമിതിയുടെ പൊതുയോഗം റിയാദ് ബത്ഹ ഡി-പാലസ് ഹാളിൽ ചേർന്നു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട വിധിയുണ്ടാകാൻ സാധ്യതയുള്ള അടുത്ത സിറ്റിംഗ് ഒക്ടോബർ 21 ന് തിങ്കളാഴ്ചയാണ്. ഈ ദിനം നിർണ്ണായകമെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. സമിതി ചെയർമാൻ സി പി മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി.
കേസുമായി ബന്ധപ്പെട്ട ഇത് വരെയുള്ള പുരോഗതി സഹായ സമിതി സദസ്സിന് മുന്നിൽ വിശദീകരിച്ചു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഇത് വരെയുള്ള എല്ലാ വരവ് ചിലവ് കണക്കുൾ സമിതി ട്രഷറർ സെബിൻ ഇഖ്ബാൽ സദസ്സിനെ വായിച്ചു കേൾപ്പിച്ചു. കണക്കിലെ വ്യക്തക്ക് നിറഞ്ഞ കയ്യടിയോടെ പൊതുസമൂഹം അംഗീകാരം നൽകി.
റഹീം മോചന ലക്ഷ്യവുമായി നാട്ടിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് ഇന്ത്യൻ എംബസി വഴി അയച്ച തുകയുടെയും ആ തുക ക്രിമിനൽ കോടതി വഴി മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സിദ്ധീഖ് തുവ്വൂർ യോഗത്തിൽ സംസാരിച്ചു.നിയമ പരമായ സംശയങ്ങൾക്ക് വൈസ് ചെയർമാൻ മുനീബ് പാഴൂർ വിശദീകരണം നൽകി.
കോഡിനേറ്റർ ഹർഷദ് ഫറോക് , സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട് കുന്ന്, ഷമീം മുക്കം, സഹീർ മൊഹിയുദ്ധീൻ,എന്നിവർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിനെത്തിയ നേതാക്കൾക്കും സംഘടന പ്രതിനിധികൾക്കും കുഞ്ഞോയി കോടമ്പുഴ നന്ദി അറിയിച്ചു.