ജിദ്ദ – ഓര്‍ഡര്‍ ഡെലിവറി ആപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്ത് കഴിഞ്ഞ മാസം 4,314 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അതോറിറ്റിക്കു കീഴിലെ നിരീക്ഷണ സംഘങ്ങള്‍ നടത്തിയ ഊര്‍ജിതമായ പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകരിച്ച യൂനിഫോം ധരിക്കാതിരിക്കല്‍, കരാറിലെത്താന്‍ അനുമതിയില്ലാത്ത വിഭാഗങ്ങളില്‍ പെട്ട ഡ്രൈവര്‍മാരുമായി ഡെലിവറി ആപ്പുകള്‍ കരാറുകള്‍ ഒപ്പുവെക്കല്‍, ആവശ്യമായ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്ത വാഹനങ്ങള്‍ ഡെലിവറിക്ക് ഉപയോഗിക്കല്‍, ഡ്രൈവര്‍മാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കല്‍, നീക്കം ചെയ്യുന്ന വസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും, കമ്പനികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും, ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടിയവര്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. ഡെലിവിറി മേഖലയുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. ഡെലിവറി മേഖലയിലെ നിയമ ലംഘനങ്ങളെ കുറിച്ച പരാതികളും നിര്‍ദേശങ്ങളും 19929 എന്ന ഏകീകൃത നമ്പറില്‍ ബന്ധപ്പെട്ടും സാമൂഹികമാധ്യമങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അക്കൗണ്ടുകളും വഴി നല്‍കാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.
ആപ്പുകള്‍ വഴി ഓര്‍ഡര്‍ ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കുകള്‍ക്ക് പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നത് കഴിഞ്ഞ ദിവസം മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന പുതിയ നിയമാവലി പുറത്തിറക്കുന്നതു വരെയാണ് ബൈക്കുകള്‍ക്ക് പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടത്തില്‍ ലൈസന്‍സ് നേടിയ കമ്പനികളില്‍ മാത്രമായി ഡെലിവറി മേഖലയില്‍ ബൈക്കുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി നിലവില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി പുതിയ നിയമാവലി പുറത്തിറക്കിയ ശേഷം അതിനനുസരിച്ചായിരിക്കും ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക.