റിയാദ്- റിയാദ് സീസണിനോടനുബന്ധിച്ച് അത്തീഖ സുവൈദി പാര്‍ക്കില്‍ നടന്നുവരുന്ന ഇന്ത്യന്‍ ഉത്സവത്തിന് സാക്ഷിയാകാന്‍ വന്‍ജനക്കൂട്ടം. സൗദി പൗരന്മാരടക്കം അറബ് ജനതയുടെ പങ്കാളിത്തം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന ഘോഷയാത്രയാണ് ഉത്സവനഗരിയിലെ ഏറ്റവും ആകര്‍ഷക ഇനം. ഈ മാസം 21 ന് ഇന്ത്യന്‍ ഉത്സവം സമാപിക്കും.
റിയാദ് ടാക്കീസ് കലാകാരന്മാര്‍ നയിക്കുന്ന ചെണ്ടമേള ഘോഷയാത്രയിലെ ജനപ്രിയ ഇനമാണ്. അതിന് പുറമെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളായ ഛൗ നൃത്തം, ഘൂമാര്‍ നൃത്തം, ഗര്‍ബ നൃത്തം, കല്‍ബെലിയ നൃത്തം, നാസിക് ഢോള്‍, പഞ്ചാബി ഡാന്‍സ്, ലാവണി നൃത്തം തുടങ്ങിയവയുടെ പ്രകടനങ്ങളും ഘോഷയാത്രയിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ആറരക്കും രാത്രി പത്ത് മണിക്കും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിശാലമായ പാര്‍ക്കിനെ വലയം വെച്ചാണ് ഘോഷ യാത്ര നടക്കുന്നത്.
വൈകുന്നേരം നാലു മുതലാണ് സന്ദര്‍ശകര്‍ക്ക് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും വിബുക് ഡോട്ട്‌കോം വഴി ബുക്ക് ചെയ്യണം. ഇത് ഗൈറ്റില്‍ പരിശോധിക്കും.
ഇന്ത്യന്‍ ഉത്സവത്തിന് ആവേശം പകരാന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് (ഒക്ടോബര്‍ 20), ബോളിവുഡ് സംഗീതജ്ഞനായ ഹിമേഷ് രേഷ്മി (ഒക്ടോബര്‍18), പ്രമുഖ ഇന്ത്യന്‍ ഹിപ്‌ഹോപ് റാപ്പര്‍ എമിവേ ബന്‍തായ് എന്ന ബിലാല്‍ ശൈഖ് (ഒക്ടോബര്‍ 20) എന്നിവരെത്തുന്നുണ്ട്.
എല്ലാ ദിവസവും ഇന്ത്യന്‍ കലാകാരന്മാരുടെ വിവിധ സ്റ്റേജ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 30 വരെയാണ് സുവൈദി പാര്‍ക്കിലെ ആഘോഷങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഉല്‍സവങ്ങള്‍ക്ക് ശേഷം ഫിലിപൈന്‍സ്, ഇന്തോനേഷ്യ, പാകിസ്താന്‍, യമന്‍, സുഡാന്‍, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സാംസ്‌കാരിക വാരങ്ങളും അരങ്ങേറും. സൗദിയില്‍ ഏറ്റവുമധികം താമസിക്കുന്ന വിദേശികളുടെ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സാംസ്‌കാരിക പരിപാടിയുടെ ലക്ഷ്യം.