ആലുവ- പൗരപ്രമുഖനും കോളമിസ്റ്റും പ്രമുഖ ഡോക്ടറുമായ ഡോ.കെ.കെ ഉസ്മാൻ(85)അന്തരിച്ചു. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ കെ.കെ ഉസ്മാൻ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ആത്മകഥയായ എന്റെ കഥ, അവരുടെയും പുറത്തിറങ്ങിയത് ഈയിടെയാണ്.
എറണാകുളം ജില്ലയിലെ വൈപ്പിൻ പ്രദേശത്തെ എടവനക്കാട് 1939 ഒക്ടോ ബർ 23-ന് കിഴക്കേവീട്ടിൽ കാദിർഹാജിയുടെയും കക്കാട്ട് സൈനബയുടെയും മകനായാണ് ജനനം. എടവനക്കാട് സർക്കാർ സ്‌കൂൾ, എടവന ക്കാട് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അലിഗർ മുസ്‌ലിം സർവകലാശാല, പാലക്കാട് ചിറ്റൂർ ഗവൺമെൻ്റ് കോളേജ് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി.
മണിപ്പാൽ കസ്‌തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദമെടുത്തു. രണ്ടുവർഷം സർക്കാർ സർവീസിൽ ജോലി ചെയ്ത ശേഷം അമേരിക്കയിലെ ഡിട്രോയ്‌റ്റ് മെഡിക്കൽ സെന്ററിൽ ഉപരിപഠനം നടത്തി. കാനഡയിലും അമേരിക്കയിലും ദീർഘകാലം മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചു. ദിസ് ഈസ് ഇസ്ലാം എന്ന ഇംഗ്ലീഷ് പുസ്‌തകത്തിൻ്റെ എഡിറ്ററായിരുന്നു. ഭാര്യ: നസീം എ.എം.. മക്കൾ: നസ്‌നീൻ, മുഹമ്മദ് യാസിർ, ഇസ്മിറ.