ജിദ്ദ – സ്വദേശികള്‍ക്കുള്ള വിവാഹ വായ്പാ തുക 60,000 റിയാലില്‍ നിന്ന് 72,000 റിയാലായി സാമൂഹിക വികസന ബാങ്ക് ഉയര്‍ത്തി. വിവാഹ വായ്പാ പദ്ധതി പരിഷ്‌കരിക്കുന്നതിനു മുന്നോടിയായി രണ്ടു മാസം മുമ്പ് വിവാഹ വായ്പകള്‍ സാമൂഹിക വികസന ബാങ്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വായ്പാ തുക ഉയര്‍ത്തി പദ്ധതി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. വലിയ വിഭാഗം ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും കുടുംബ സ്ഥിരത കൈവരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന നിലക്കാണ് വിവാഹ വായ്പാ പദ്ധതി പരിഷ്‌കരിച്ചിരിക്കുന്നത്.
നാലു വര്‍ഷം വരെ നീളുന്ന വഴക്കമാര്‍ന്ന തിരിച്ചടവ് കാലയളവ് പുതിയ വായ്പാ പദ്ധതിയുടെ സവിശേഷതയാണ്. ഇത് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഗുണഭോക്താക്കള്‍ക്ക് ശേഷി നല്‍കും. സൗദി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും അവരുടെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ധനസഹായം ലഭ്യമാക്കാനുമുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വിവാഹ വായ്പാ പദ്ധതി പരിഷ്‌കരിച്ചത്.
18,000 റിയാല്‍ മുതല്‍ 72,000 റിയാല്‍ വരെ വിവാഹ വായ്പയായി ലഭിക്കും. അപേക്ഷകന്റെ പ്രായം 18 ല്‍ കുറവാകരുതെന്നും മാസ വരുമാനം 14,500 റിയാല്‍ കവിയരുതെന്നും വ്യവസ്ഥകളുണ്ട്. ആദ്യ വിവാഹത്തിനാണ് ധനസഹായം നല്‍കുക. ഏക ഭാര്യ മരണപ്പെട്ടവരെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹ വായ്പ ലഭിക്കാന്‍ കോടതി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക നികാഹ് കരാര്‍ കോപ്പി സമര്‍പ്പിക്കണെന്ന് വ്യവസ്ഥയുണ്ട്. വായ്പക്ക് അപേക്ഷിക്കുമ്പോള്‍ നികാഹ് നടന്ന് രണ്ടു വര്‍ഷം പിന്നിടാനും പാടില്ല.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ സാമൂഹിക വികസന ബാങ്ക് 154 കോടി റിയാല്‍ വായ്പകളായി നല്‍കിയിട്ടുണ്ട്. വ്യത്യസ്ത പ്രവിശ്യകളില്‍ 18,000 ലേറെ സ്വദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഫ്രീലാന്‍സ് രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്ന കുടുംബങ്ങള്‍ക്കും 70.2 കോടി റിയാല്‍ വായ്പകളായി നല്‍കി. 9,600 പേര്‍ക്കും കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മൂന്നു മാസത്തിനിടെ 46.5 കോടിയിലേറെ റിയാല്‍ വായ്പകളായി നല്‍കി. 1,500 സ്ഥാപനങ്ങള്‍ ഇത് പ്രയോജനപ്പെടുത്തി. മൂന്നു മാസത്തിനിടെ 7,200 സൗദി പൗരന്മാര്‍ക്കും വനിതകള്‍ക്കും 37.8 കോടി റിയാല്‍ സാമൂഹിക വായ്പകളായും അനുവദിച്ചു.