ജിദ്ദ – പബ്ലിക് പാര്‍ക്കിംഗ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കിംഗിന് അനുവദിച്ച പരമാവധി സമയം മറികടക്കല്‍, തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്യല്‍, പെയ്ഡ് പാര്‍ക്കിംഗ് സമയം അവസാനിച്ചിട്ടും പാര്‍ക്കിംഗ് ഒഴിയാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ തോതിലാണ് പിഴ ലഭിക്കുക.
പാര്‍ക്കിംഗ് ഫീസ് നല്‍കാതെ പാര്‍ക്കിംഗ് ഉപയോഗിക്കുന്നതിന് 200 റിയാലും പ്രത്യേക ആവശ്യത്തിന് റിസര്‍വ് ചെയ്ത പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തുന്നതിന് 300 റിയാലും പെയ്ഡ് പാര്‍ക്കിംഗില്‍ നിരോധിത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 300 റിയാലും പിഴ ചുമത്തും.
ലൈസന്‍സില്ലാതെ പാര്‍ക്കിംഗില്‍ ബാരിക്കേഡുകളോ വേലികളോ സ്ഥാപിക്കുന്നതിനും പാര്‍ക്കിംഗ് അടക്കുന്നതിനും 400 റിയാലും കാര്‍ പാര്‍ക്കിംഗ് കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും വാഹനം നിര്‍ത്തുന്നതിന് 500 റിയാലും എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് നീക്കിവെച്ച സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 900 റിയാലും പിഴ ലഭിക്കും. മൂല്യവര്‍ധിത നികുതി ഉള്‍പ്പെടാതെയുള്ള പിഴകളാണിവ. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് യാര്‍ഡിലേക്ക് നീക്കം ചെയ്യാനാകുന്ന ഫീസും നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. കാറുകള്‍ നീക്കം ചെയ്യാന്‍ 250 റിയാലും വലിയ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ 1,250 റിയാലുമാണ് ഫീസ് ഈടാക്കുക.