റിയാദ് – തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോ അന്തിമ ഘട്ടത്തിലെത്തിയതായും പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു. ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിയാദില്‍ നടക്കുന്ന പ്രഥമ ത്രിദിന ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറം എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ ഉദ്ഘാടനം ചെയ്തു. 30 രാജ്യങ്ങളില്‍ നിന്നുള്ള 80 കമ്പനികളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും അന്താരാഷ്ട്ര സംഘടനാ മേധാവികളും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.
മെട്രോയില്‍ ട്രെയിനുകള്‍ ദിവസേന പരീക്ഷണ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റിയാദ് മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈകാതെ റിയാദ് റോയല്‍ കമ്മീഷന്‍ പരസ്യപ്പെടുത്തും. അസാധാരണവും ചരിത്രപരവുമായ പദ്ധതിയാണ് റിയാദ് മെട്രോ. വ്യത്യസ്ത മേഖലകളില്‍ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്ര വികസനാഭിവൃദ്ധിയുടെ ഭാഗമാണിത്.
ഈ വളര്‍ച്ചയില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മേഖല സുപ്രധാന പങ്ക് വഹിക്കുന്നു. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രം ലക്ഷ്യമിടുന്നതായും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മേഖലയില്‍ മുന്‍നിര സൗദി സൗദി കമ്പനികളും നഗരസഭകളും സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണ്‍സും വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് നിര്‍മാണം അടക്കം രാജ്യത്ത് വിമാനത്താവള മേഖലയില്‍ വലിയ തോതില്‍ വിപുലീകരണ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായി റിയാദ് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് മാറും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടും വികസിപ്പിക്കുന്നുണ്ട്. ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ വിമാനങ്ങളുടെ എണ്ണവും സൗദിയ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണവും വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ ദേശീയ വിമാന കമ്പനിയെന്നോണം റിയാദ് എയര്‍ സ്ഥാപിച്ചിട്ടുണ്ട്.
2021 മധ്യത്തില്‍ തുടക്കം കുറിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിലൂടെ ഒരു ട്രില്യണിലേറെ റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ ലക്ഷ്യമിടുന്നു. സൗദിയില്‍ ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇതിനകം 20,000 കോടി റിയാല്‍ വിനിയോഗിച്ചിട്ടുണ്ട്. റെയില്‍വെ ഉപയോഗപ്പെടുത്തി സുസ്ഥിരതയില്‍ സൗദി അറേബ്യ വലിയ കുതിച്ചുചാട്ടം നടത്തി. കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തിലേറെ ചരക്കു ലോറികള്‍ റോഡുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗുഡ്‌സ് ട്രെയിന്‍ സര്‍വീസുകളിലൂടെ സാധിച്ചു. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിച്ചു. ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറത്തിന്റെ ആദ്യ ദിനത്തില്‍ 1,700 കോടിയിലേറെ റിയാലിന്റെ 69 കരാറുകള്‍ ഒപ്പുവെച്ചതായും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.