റിയാദ് – സൗദിയ ഗ്രൂപ്പിനു കീഴിലെ എയര്‍ ടാക്‌സി വിമാനം ആദ്യമായി റിയാദില്‍ പ്രദര്‍ശിപ്പിച്ച് സൗദിയ. റിയാദില്‍ ഇന്നലെ ആരംഭിച്ച ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറത്തിലാണ് എയര്‍ ടാക്‌സിയായി ഉപയോഗിക്കുന്ന ഇലക്ട്രിക് വിമാനം സൗദിയ പ്രദര്‍ശിപ്പിക്കുന്നത്. ഫോറത്തിന് നാളെ തിരശ്ശീല വീഴും. ഇലക്ട്രിക് വിമാന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ കമ്പനിയായ ലിലിയത്തില്‍ നിന്ന് 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ജൂലൈയില്‍ സൗദിയ ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചിരുന്നു. വിമാനങ്ങളില്‍ ഒന്നിന് 45 ലക്ഷം ഡോളറാണ് വില കണക്കാക്കുന്നത്. കരാര്‍ പ്രകാരമുള്ള ആദ്യ ബാച്ച് ഇലക്ട്രിക് വിമാനങ്ങള്‍ 2026 ല്‍ സൗദിയക്ക് ലിലിയം കമ്പനി കൈമാറും.
ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാന്‍ ലോകത്തെ ഒരു വിമാന കമ്പനി നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്. ഇലക്ട്രിക് വിമാനങ്ങളുടെ ചില ഭാഗങ്ങളും സ്‌പെയര്‍ പാര്‍ട്‌സും സൗദിയില്‍ നിര്‍മിക്കുന്ന കാര്യം പഠിക്കുമെന്നും ലിലിയം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്കും തിരിച്ചും ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ എയര്‍ ടാക്‌സികള്‍ ഉപയോഗിക്കുമെന്ന് സൗദിയ ഗ്രൂപ്പിലെ മാര്‍ക്കിംഗ് വിഭാഗം മേധാവി ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍ പറഞ്ഞു. കൂടുതല്‍ ഗതാഗത ഓപ്ഷനുകള്‍ നല്‍കാനും യാത്രാ സമയം കുറക്കാനും ഗതാഗത്തിരക്ക് കുറക്കാനും തിരക്കേറിയ പ്രദേശങ്ങളില്‍ പുതിയ യാത്രാ പോംവഴികള്‍ നല്‍കാനും വി.ഐ.പികള്‍ക്കുള്ള വിശിഷ്ട സേവനം വിപുലീകരിക്കാനും ഇലക്ട്രിക് വിമാനങ്ങള്‍ സഹായിക്കുമെന്ന് ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍ പറഞ്ഞു. ലംബമായി പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്ന ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ് വിമാനമാണ് ലിലിയം കമ്പനി നിര്‍മിച്ച് എയര്‍ ടാക്‌സിയായി ഉപയോഗിക്കാന്‍ സൗദിയ ഗ്രൂപ്പിന് കൈമാറുന്നത്.