മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണെന്ന് സൂചന. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് തങ്ങളെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ആശങ്കകൾ സൃഷ്ടിച്ച കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ആരും ഇതേവരെ ഏറ്റെടുത്തിട്ടില്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അജിത് പവാർ വിഭാഗത്തിലെ പ്രമുഖ നേതാവും ബാന്ദ്ര വെസ്റ്റിൽ നിന്ന് മൂന്ന് തവണ മുൻ എംഎൽഎയുമായ ബാബ സിദ്ദിഖ് (66) ഇന്നലെ രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
മകനും എം.എൽ.എയുമായ സീഷന്റെ ബാന്ദ്രയിലെ ഓഫീസിന് സമീപത്തുവെച്ചാണ് സിദ്ദീഖിന് വെടിയേറ്റത്. ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സർക്കാറിന്റെ വൈ സുരക്ഷാ കാറ്റഗറിയുള്ള രാഷ്ട്രീയക്കാരനാണ് സിദ്ദീഖ്. ആറു ബുള്ളറ്റുകളാണ് സിദ്ദീഖിന് നേരെ തൊടുത്തത്. ഇതിൽ രണ്ടെണ്ണം സിദ്ദീഖിന്റെ നെഞ്ചിൽ പതിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഹരിയാനയിൽ നിന്നുള്ള കർണയിൽ സിംഗ്, ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി നേരിട്ട് ബന്ധമുള്ള ഒരാൾ ഒളിവിലാണ്. സിദ്ദിഖിൻ്റെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റാരോ നൽകിയിരുന്നതായി പോലീസ് കരുതുന്നു. അറസ്റ്റിലായ രണ്ട് പ്രതികളും ബാന്ദ്ര ഈസ്റ്റിൽ ഒരു മാസത്തോളമായി സിദ്ദീഖിനെ ലക്ഷ്യമിട്ട് കറങ്ങി നടക്കുകയായിരുന്നു. ഇന്നലെ രാത്രി ഓട്ടോറിക്ഷയിൽ എത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. ബിഷ്‌ണോയ് സംഘത്തിന് പുറമെ, ചേരി പുനരധിവാസ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കൊലയിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് ഭീഷണി നേരിട്ട ബോളിവുഡ് താരം സൽമാൻ ഖാനുമായി സിദ്ദിഖിനുള്ള അടുപ്പമാണ് ബിഷ്‌ണോയി സംഘത്തിൻ്റെ പങ്കാളിത്തത്തിന് കാരണമായി സംശയിക്കുന്നത്. വധഭീഷണിയുണ്ടായിരുന്നെന്നും ‘വൈ’ കാറ്റഗറി സുരക്ഷയാണ് നൽകിയതെന്നും സിദ്ദീഖുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള ഭീഷണിയൊന്നും സിദ്ദിഖ് പറഞ്ഞിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
കേന്ദ്ര ഏജൻസികൾ മുംബൈ പോലീസുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഗുജറാത്തിലെയും ദൽഹിയിലെയും പോലീസും കേസ് അന്വേഷിക്കുന്നുണ്ട്. ഡസൻ കണക്കിന് ക്രിമിനൽ കേസുകൾ നേരിടുന്ന ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്. എന്നാൽ ബിഷ്ണോയിയുടെ സംഘം ബിസിനസുകാരെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുണ്ട്.
ബിഷ്‌ണോയ് സംഘത്തിൽ 700-ലധികം ക്വട്ടേഷൻ സംഘാംഗങ്ങളുണ്ടെന്നും രാജ്യത്തുടനീളമുള്ള നിരവധി ചെറുതും വലുതുമായ കുറ്റവാളികൾ ഇയാൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. റാപ്പർ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിലും ബിഷ്ണോയിക്ക് പങ്കുണ്ട്. ദൽഹി ആസ്ഥാനമായുള്ള ജിം ഉടമ അടക്കം സമീപ ദിവസങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ബിഷ്‌ണോയിക്ക് ബന്ധമുണ്ട്.