ജിദ്ദ: ഗാസയിലെ ദേർ അൽബലഹിൽ നൂറു കണക്കിന് അഭയാർത്ഥികൾ കഴിയുന്ന സ്‌കൂളിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 28 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 54 പേർക്ക് പരുക്കേറ്റതായും ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.
സ്‌കൂൾ കോംപൗണ്ടിനകത്ത് പ്രവർത്തിച്ചിരുന്ന ആയുധധാരികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇതിനു മുമ്പ് പലതവണ ഗാസയിൽ സ്‌കൂളുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു വർഷമായി തുടരുന്ന ഇസ്രായേലിന്റെ നരനായാട്ടിനിടെ, ഏറ്റവും ഒടുവിലത്തേതാണ് അഭയാർത്ഥികൾ കഴിയുന്ന സ്‌കൂളുകൾക്കു നേരെയുള്ള ഇന്നത്തെ ആക്രമണം.
സെപ്തംബർ 26ന് ഉത്തര ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഗാസ നിവാസികൾ അഭയാർഥികളായി കഴിയുന്ന സ്‌കൂളുകളിൽ ഹമാസ് പോരാളികൾ ഒളിച്ചുകഴിയുന്നതായാണ് ഇസ്രായേൽ സൈന്യത്തിന്റെ ആരോപണം. എന്നാൽ ഇത് ഹമാസ് നിഷേധിക്കുന്നു.
2023 ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഗാസക്കെതിരെ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ ഇന്നലെ വരെ 42,065 പേർ കൊല്ലപ്പെടുകയും 97,720 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും മഹാഭൂരിഭാഗവും സാധാരണക്കാരാണ്.
അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ പലതവണ നടന്ന ഗാസ വെടിനിർത്തൽ ചർച്ചകൾ വിഫലമാവുകയായിരുന്നു. ഗാസ ഈജിപ്ത് അതിർത്തിയിലെ ഫിലാഡെൽഫി (സ്വലാഹുദ്ദീൻ) ഇടനാഴിയുടെയും റഫ ക്രോസിംഗിന്റെയും പൂർണ നിയന്ത്രണം വേണമെന്നത് അടക്കമുള്ള കടുത്ത ഉപാധികളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറച്ചുനിൽക്കുന്നതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം.
ഗാസയിൽ ഇസ്രായേൽ സൈനിക സാന്നിധ്യം ഹമാസ് എതിർക്കുന്നു. ഹമാസിനെയും ഹമാസ് നേതാക്കളെയും പൂർണമായും ഇല്ലാതാക്കുന്നതു വരെ ഗാസ യുദ്ധം അവസാനിപ്പിക്കില്ലെന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഇസ്രായേൽ ആവർത്തിച്ചിട്ടുണ്ട്. യഹ്‌യ അൽസിൻവാർ അടക്കമുള്ള ഹമാസ് നേതാക്കൾ ദക്ഷിണ ഗാസയിലെ തുരങ്കങ്ങളിൽ ഒളിച്ചുകഴിയുന്നതായാണ് കരുതുന്നത്.