ജിദ്ദ – നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പോലീസ് പട്രോളിംഗിന് പുതിയ മുഖം നല്‍കി റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ലൂസിഡ് ഇലക്ട്രിക് കാര്‍ ഫാക്ടറിയില്‍ നിര്‍മിച്ച കാറുകള്‍ പട്രോള്‍ പോലീസ് ഉപയോഗിക്കാന്‍ തുടങ്ങി. റിയാദ് ദിര്‍ഇയ്യയിലാണ് പട്രോള്‍ പോലീസുകാര്‍ ലൂസിഡ് ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നത്. സാങ്കേതിക പുരോഗതികളുമായി ഒത്തുപോകാനും മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കാന്‍ ദേശീയ വ്യവസായങ്ങളെ ആശ്രയിക്കാനുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ അതീവ താല്‍പര്യത്തിന്റെ ഭാഗമായാണ് പട്രോള്‍ പോലീസ് ലൂസിഡ് ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നത്.
പ്രാദേശിക ഉല്‍പന്നത്തെയും സാങ്കേതികവിദ്യാ വ്യവസായ വികസനത്തെയും പിന്തുണക്കുന്ന വിഷന്‍ 2030 ന് അനുസൃതമായി വ്യവസായ, സുരക്ഷാ ശേഷികള്‍ വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത പട്രോള്‍ പോലീസിന്റെ ലൂസിഡ് ഇലക്ട്രിക് കാര്‍ ഉപയോഗം പ്രതിഫലിപ്പിക്കുന്നു. പരിസ്ഥിതി, സാമ്പത്തിക വശങ്ങള്‍ പരിഗണിക്കുന്നതോടൊപ്പം ഉയര്‍ന്ന കാര്യക്ഷമതയോടെ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ലൂസിഡ് ഇലക്ട്രിക് കാറുകളിലെ നൂതന സാങ്കേതികവിദ്യകള്‍ പട്രോള്‍ പോലീസിനെ സഹായിക്കുന്നു. ദിര്‍ഇയ്യയില്‍ സ്മാര്‍ട്ട് പട്രോളിംഗ് ആരംഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
ലൂസിഡ് ഇലക്ട്രിക് കാറുകള്‍ റിയാദില്‍ പട്രോളിംഗിന് ഉപയോഗിക്കാനുള്ള പദ്ധതി മാസങ്ങള്‍ക്കു മുമ്പ് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. റിയാദില്‍ നടന്ന വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ലൂസിഡ് പട്രോള്‍ പോലീസ് കാര്‍ ആഭ്യന്തര മന്ത്രാലയം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ ലൂസിഡിന്റെ 100 ഇലക്ട്രിക് കാറുകള്‍ പട്രോള്‍ പോലീസ് വാഹനങ്ങളായി ഉപയോഗിക്കുമെന്ന് അന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റാബിഗില്‍ ലൂസിഡ് കാര്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. റാബിഗ് ഫാക്ടറിയിലെ 55 ശതമാനം ജീവനക്കാരും സൗദികളാണെന്ന് കമ്പനി വൈസ് പ്രസിഡന്റും എം.ഡിയുമായ ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. സൗദിയിലെ ആദ്യ ഇലക്ട്രിക് കാര്‍ ഫാക്ടറിയാണ് റാബിഗ് ലൂസിഡ് കാര്‍ പ്ലാന്റ്. അമേരിക്കക്ക് പുറത്ത് ലൂസിഡ് കമ്പനി സ്ഥാപിക്കുന്ന ആദ്യ ഫാക്ടറിയാണ് സൗദിയിലെത്. പ്രതിവര്‍ഷം 1,55,000 കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ഇവിടെ കാറുകള്‍ അസംബ്ലി ചെയ്ത് നിര്‍മിക്കുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ തയാറാക്കിയ സമയക്രമത്തെക്കാള്‍ കൂടിയ വേഗത്തിലാണ് ഫാക്ടറിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുതെന്ന് ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.
റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ലൂസിഡ് ഇലക്ട്രിക് കാര്‍ ഫാക്ടറിയില്‍ വൈകാതെ ചില മോഡലുകള്‍ പൂര്‍ണമായും നിര്‍മിക്കുമെന്ന് ലൂസിഡ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫിറാസ് കാന്‍ഡല്‍ഫ്റ്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൗദി പ്ലാന്റിലെ രണ്ടാം ഘട്ട ഉല്‍പാദനത്തെ കുറിച്ച് വൈകാതെ പര്യപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ ചില മോഡലുകള്‍ പൂര്‍ണമായും സൗദി പ്ലാന്റില്‍ നിര്‍മിക്കും. ആദ്യ ഘട്ടത്തില്‍ സൗദി പ്ലാന്റില്‍ അസംബ്ലി മാത്രമാണ് നടക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 5,000 കാറുകള്‍ അസംബ്ലി ചെയ്യാനുള്ള ശേഷിയാണ് റാബിഗ് പ്ലാന്റിനുള്ളതെന്നും ഫിറാസ് കാന്‍ഡല്‍ഫ്റ്റ് പറഞ്ഞു.
സൗദിയില്‍ പുതിയ ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി മോഡല്‍ അവതരിപ്പിക്കാന്‍ ലൂസിഡ് കമ്പനി ആലോചിക്കുന്നുന്നുണ്ട്. ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി മോഡല്‍ അടുത്തിടെ അമേരിക്കന്‍ വിപണിയില്‍ ലൂസിഡ് പുറത്തിറക്കിയിരുന്നു. ഒറ്റ ചാര്‍ജിംഗില്‍ 650 കിലോമീറ്ററിലേറെ ദൂരം ലഭിക്കുന്ന രണ്ടു ഇലക്ട്രിക് എന്‍ജിനുകളും മൊത്തം 1,080 കുതിരശക്തിയുമുള്ള മീഡിയം ക്ലാസ്, മൊത്തം 1,300 കുതിരശക്തിയുള്ള മൂന്നു ഇലക്ട്രിക് എന്‍ജിനുകളുള്ള സൂപ്പര്‍ ക്ലാസ് എന്നിവ അടക്കം വ്യത്യസ്ത വിഭാഗങ്ങളില്‍ ലൂസിഡ് ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി ലഭ്യമാണ്.