പൊന്നാനി: ഒരു പത്രം പ്രസിദ്ധീകരിച്ച തെറ്റായ റിപ്പോർട്ടിൽ പ്രസ്തുത പത്രം നിരുപാധികം ക്ഷമാപണം നടത്തിയിട്ടും അതിലെ പരാമർശങ്ങൾ അടിസ്ഥാനമാക്കി വിവാദങ്ങളുണ്ടാക്കുന്നവർ ചരിത്ര യാഥാർഥ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണെന്ന് സംസ്ഥാന ഹജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.
മൂന്നര കോടി ജനതയുള്ള കേരള സംസ്ഥാനത്തെ മതേതരത്വത്തിന്റെ ഈറ്റില്ലമാക്കി നിലനിർത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും സർക്കാരുകൾക്കുമുള്ള പങ്ക് ആരോടും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇ. എം.എസിൻ്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാറാണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്ന് വിമർശകർ വിസ്മരിക്കരുത്. പിണറായി വിരോധവും ഇടതുപക്ഷ വിരോധവും മൂത്ത് ഈ യാഥാർഥ്യങ്ങളെല്ലാം ഒറ്റയടിക്ക് മറക്കുന്നവർ സംഘികൾക്കും കൃസംഘികൾക്കും സൗജന്യ സേവ ചെയ്തുകൊടുക്കുന്ന ചാരന്മാരാണെന്നും ഖാസിം കോയ അഭിപ്രായപ്പെട്ടു.
മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിൽ ഇന്ത്യ കണ്ട കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന യാഥാർഥ്യം രാജ്യത്തെ എല്ലാ സംഘപരിവാർ വിരുദ്ധ പാർട്ടികളും നേതാക്കളും ജനങ്ങളും അംഗീകരിക്കുന്നതുമാണ്. അതിനാൽ തന്നെ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ കയറ്റിക്കൊണ്ട് കേരളത്തിലെ പ്രതിപക്ഷവും ചില അനാഥ രാഷ്ട്രീയക്കാരും നടത്തുന്ന കോലാഹലങ്ങൾ പ്രബുദ്ധരായ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം നിരീക്ഷിച്ചു.