ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരം തിരിച്ചുപിടിക്കാനുള്ള കുതിപ്പ് തുടരുന്നതിനിടെ സഖ്യ സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി കുൽഗാം മണ്ഡലത്തിൽ മുന്നിൽ.
ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സയ്യർ അഹമ്മദ് റെഷിയെ മുവ്വായിരത്തിലേറെ വോട്ടിന് പിറകിലാക്കിയാണ് തരിഗാമി മുന്നേറ്റം തുടരുന്നത്. ഇവിടെ പി.ഡി.പി സ്ഥാനാർത്ഥിയുള്ളതും തരിഗാമിക്ക് നല്ല വെല്ലുളി ഉയർത്തിയെങ്കിലും അവരുടെ സ്ഥാനാർത്ഥി മുഹമ്മദ് അമീൻ ദർ മൂന്നാം സ്ഥാനത്താണ്.
1996, 2002, 2008, 2014 വർഷങ്ങളിൽ കുൽഗാമിൽ വിജയക്കൊടി പാറിച്ച സി.പി.എമ്മിന്റെ ഏക കനൽത്തരിയായ തരിഗാമി ഇത് അഞ്ചാം നേട്ടത്തിന് തൊട്ടരികിലാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി 2019-ൽ മാസങ്ങളോളം ഈ 73-കാരനെ വീട്ടു തടങ്കലിലാക്കിയിരുന്നു.
തന്റെയും ഇന്ത്യാ സഖ്യത്തിന്റെയും മുന്നേറ്റം കാണാൻ പാർട്ടിക്കും മുന്നണിക്കും ദേശീയ തലത്തിൽ മേൽവിലാസമുണ്ടാക്കാൻ അത്യധ്വാനം ചെയ്ത സീതാറാം യെച്ചൂരിയെന്ന ചെന്താരകം വിട്ടുപിരിഞ്ഞല്ലോ എന്ന വേദനയാണ് തരിഗാമിക്കുള്ളത്. തരിഗാമിയെ വീട്ടുതടങ്കലിലാക്കി കശ്മീർ ജനതയുടെ പൗരാവകാശങ്ങൾ മോഡി സർക്കാർ ഇഞ്ചിഞ്ചായി കവർന്നപ്പോൾ എല്ലാ വിലക്കുകളും മറികടന്ന്, അതിനെതിരേ പോർമുഖം നയിച്ച് ഉടനെ കശ്മീരിൽ ഓടിയെത്തിയ നേതാവായിരുന്നു അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ ബി.ജെ.പിയുടെ നരനായാട്ട് ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ യെച്ചൂരി നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.