ജിദ്ദ – വേതനം ലഭിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് സര്‍ക്കാറാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വെളിപ്പെടുത്തി. പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് പരമാവധി 17,500 റിയാലാണ് നഷ്ടപരിഹാരമായി ലഭിക്കുക. പദ്ധതി ഗുണഭോക്താക്കളായ വിഭാഗങ്ങളെ നിര്‍ണയിക്കാനും ഇതിനുള്ള വ്യവസ്ഥകള്‍ തയാറാക്കാനും മൂന്നു വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വേതനം ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി അംഗീകരിച്ചതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എന്‍ജിനയീര്‍ അഹ്മദ് അല്‍റാജ്ഹി നന്ദി പറഞ്ഞു.
പ്രതിസന്ധിയിലാകുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അങ്ങേയറ്റത്തെ ശ്രദ്ധയും സാമ്പത്തിക വികസനത്തില്‍ പ്രധാന പങ്കാളിയെന്നോണം സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ ആഗ്രഹവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുമാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി അംഗീകരിച്ചതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
സര്‍ക്കാറിന് പൂര്‍ണ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, പ്രൊബേഷന്‍ കാലയളവിലുള്ള വിദേശ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക, സീസണ്‍ തൊഴിലാളികള്‍, തൊഴിലുടമയുടെ കുടുംബാംഗങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ് കളിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്‍, പ്രത്യേകം നിര്‍ണയിച്ച ദൗത്യം നിര്‍വഹിക്കാനായി എത്തുന്ന തൊഴിലാളികള്‍ എന്നിവരെ പുതിയ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല.
ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ അഞ്ചു വ്യവസ്ഥകള്‍ ബാധകമാണ്. പ്രത്യേകം ഒഴിവാക്കപ്പെട്ട വിഭാഗം തൊഴിലാളിയായിരിക്കരുത് എന്നതാണ് ഇതില്‍ ഒന്ന്. പദ്ധതി പ്രകാരം നഷ്ടപരിഹാരം തേടി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തൊഴിലാളി പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ രേഖകള്‍ പ്രകാരം സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വേതനവും ആനുകൂല്യങ്ങളും ലഭിച്ചിക്കാത്തത് സ്ഥിരീകരിക്കുന്ന അംഗീകൃത രേഖകളും സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം പ്രയോജനപ്പെടുത്തിയവരാകാനും പാടില്ല. ടിക്കറ്റ് ആവശ്യപ്പെടുന്ന പക്ഷം സൗദി അറേബ്യ വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് സ്ഥിരീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി ഏതാനും ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പാക്കാന്‍ 39.125 കോടി റിയാലിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പ്രതിസന്ധിയിലായതിനാല്‍ 80 ശതമാനം വിദേശ തൊഴിലാളികളുടെ വേതനം ആറു മാസത്തേക്ക് വിതരണം ചെയ്യാന്‍ കഴിയാതെവന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്കാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.