- നഷ്ടപരിഹാരം ലഭിക്കാന്‍ വിദേശ തൊഴിലാളി സൗദി അറേബ്യ വിടേണ്ടതില്ല
ജിദ്ദ – വേതനം ലഭിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരം 17,500 റിയാലായി നിര്‍ണയിച്ചു. ഇതിന് ഒരു സ്ഥാപനത്തിലെ വിദേശ തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളുമായി ആകെ ലഭിക്കാനുള്ള തുക ഇന്‍ഷുന്‍സ് പദ്ധതി കവറേജ് പ്രകാരം നിശ്ചയിച്ച ആകെ നഷ്ടപരിഹാരത്തുകയെക്കാന്‍ കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഒരു സ്ഥാപനത്തിലെ വിദേശ തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളുമായി ആകെ ലഭിക്കാനുള്ള തുക ഇന്‍ഷുന്‍സ് പരിരരക്ഷാ കവറേജ് പ്രകാരം നിശ്ചയിച്ച ആകെ നഷ്ടപരിഹാരത്തുകയെക്കാന്‍ കവിയുന്ന സാഹചര്യത്തില്‍ സ്ഥാപനത്തിന് അനുവദിച്ച പരമാവധി കവറേജ് തുക അനുസരിച്ച് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയാണ് ചെയ്യുക. അടിസ്ഥാന വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടും.
നഷ്ടപരിഹാരം ലഭിക്കാന്‍ വിദേശ തൊഴിലാളി സൗദി അറേബ്യ വിടണമെന്ന് വ്യവസ്ഥയില്ല. മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയാലും നഷ്ടപരിഹാരം ലഭിക്കും. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റിന് ആയിരം റിയാലില്‍ കവിയാത്ത നിലക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിന് ഫൈനല്‍ എക്‌സിറ്റ് വിസ പോലെ സ്വദേശത്തേക്ക് മടങ്ങാനുള്ള മുഴുവന്‍ നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കിയത് സ്ഥിരീകരിക്കുന്ന രേഖകള്‍ തൊഴിലാളി സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. പ്രതിസന്ധിയിലായതിനാല്‍ 80 ശതമാനം വിദേശ തൊഴിലാളികളുടെ വേതനം ആറു മാസത്തേക്ക് വിതരണം ചെയ്യാന്‍ കഴിയാതെവന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്കാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സര്‍ക്കാറിന് പൂര്‍ണ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, പ്രൊബേഷന്‍ കാലയളവിലുള്ള വിദേശ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക, സീസണ്‍ തൊഴിലാളികള്‍, തൊഴിലുടമയുടെ കുടുംബാംഗങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ് കളിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്‍, പ്രത്യേകം നിര്‍ണയിച്ച ദൗത്യം നിര്‍വഹിക്കാനായി എത്തുന്ന തൊഴിലാളികള്‍ എന്നിവരെ പുതിയ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല.
ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ അഞ്ചു വ്യവസ്ഥകള്‍ ബാധകമാണ്. പ്രത്യേകം ഒഴിവാക്കപ്പെട്ട വിഭാഗം തൊഴിലാളിയായിരിക്കരുത് എന്നതാണ് ഇതില്‍ ഒന്ന്. പദ്ധതി പ്രകാരം നഷ്ടപരിഹാരം തേടി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തൊഴിലാളി പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ രേഖകള്‍ പ്രകാരം സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വേതനവും ആനുകൂല്യങ്ങളും ലഭിച്ചിക്കാത്തത് സ്ഥിരീകരിക്കുന്ന അംഗീകൃത രേഖകളും സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം പ്രയോജനപ്പെടുത്തിയവരാകാനും പാടില്ല. ടിക്കറ്റ് ആവശ്യപ്പെടുന്ന പക്ഷം സൗദി അറേബ്യ വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് സ്ഥിരീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം തേടി തൊഴിലാളികള്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം ഔദ്യോഗിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളിലൂടെ തൊഴിലുടമയെ വിളിച്ചുവരുത്തി അപ്പീല്‍ നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം അനുവദിക്കും. സ്ഥാപനം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം അര്‍ഹരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും. അര്‍ഹമായ നഷ്ടപരിഹാരം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ നഷ്ടപരിഹാരത്തുക പൂര്‍ണമായോ ഭാഗികമായോ അടക്കണമെന്ന് സ്വകാര്യ സ്ഥാപനത്തോട് ആവശ്യപ്പെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി ഏതാനും ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പാക്കാന്‍ 39.125 കോടി റിയാലിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
നയങ്ങളിലൂടെയും നിയമ നിര്‍മാണങ്ങളിലൂടെയും സൗദി തൊഴില്‍ വിപണി പരിഷ്‌കരിക്കാനും തൊഴില്‍ കരാര്‍ പ്രകാരമുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇന്‍ഷുറന്‍സ് ഉല്‍പന്നം പുറത്തിറക്കിയിരിക്കുന്നത്. വേതന സുരക്ഷാ പദ്ധതിയും തൊഴില്‍ കരാര്‍ ഡോക്യുമെന്റേഷനും ഉള്‍പ്പെടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ നിയമങ്ങളുമായും നടപടിക്രമങ്ങളുമായും പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പൊരുത്തപ്പെട്ടുപോകുന്നു. പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിദേശ തൊഴിലാളികള്‍ക്ക് ഒക്‌ടോബര്‍ ആറു മുതല്‍ പോളിസി പ്രകാരമുള്ള പരിരക്ഷകള്‍ ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.