മലപ്പുറം- ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പീപ്പിൾ എന്ന തന്റെ പുതിയ പാർട്ടിയെ രാഷ്ട്രീയ പാർട്ടിയായി ഉടൻ പ്രഖ്യാപിക്കില്ലെന്ന് പി.വി അൻവർ എം.എൽ.എ. ഇന്ന് വൈകിട്ട് മഞ്ചേരിയിൽ നടക്കാനിരിക്കുന്ന നയപ്രഖ്യാപന സമ്മേളനത്തിൽ പാർട്ടി അൻവർ പ്രഖ്യാപിക്കും. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യത ഉണ്ടായേക്കുമെന്നതിനാലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നീട്ടിവെച്ചത്.
മഞ്ചേരിയിൽ നടക്കുന്ന നയപ്രഖ്യാപന സമ്മേളനത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഡി.എം.കെ നേതാക്കൾ നിരീക്ഷകരായി പങ്കെടുക്കും. തന്നെ ഇടതുമുന്നണിയിൽനിന്ന് നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് സീറ്റ് മാറ്റിയത് എന്ന് അറിയിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതായും അൻവർ പറഞ്ഞു.
ജലീൽ നടത്തിയത് ഹീനമായ പ്രസ്താവനയാണെന്നും അദ്ദേഹം അത്രയ്ക്ക് തരംതാഴുമോ എന്നും അൻവർ ചോദിച്ചു. സ്വർണ്ണക്കടത്ത് സംബന്ധിച്ച് ജലീൽ നടത്തിയ പ്രസ്താവന അത്യന്തം അപകടകരമാണ്. ജലീലിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട പ്രസ്താവനയാണ് അതെന്നും അൻവർ അഭിപ്രായപ്പെട്ടു.