ജിദ്ദ – ഇസ്രായിലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണം നടത്തണമെന്ന് മുന്‍ യു.എസ് പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടോയെന്ന ചോദ്യം കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു മുന്നില്‍ ഉന്നയിച്ചിരുന്നു. ഇതേ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തണമെന്ന് ട്രംപ് പറഞ്ഞത്. ഈ ചോദ്യം അദ്ദേഹത്തിനു (ബൈഡനു) മുന്നില്‍ ഉന്നയിച്ചിരുന്നു. ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുക, പിന്നീടുള്ള കാര്യങ്ങള്‍ ശേഷം നോക്കാം എന്നായിരുന്നു ബൈഡന്‍ മറുപടി നല്‍കേണ്ടിയിരുന്നതെന്ന് ട്രംപ് പറഞ്ഞു.
ഇസ്രായിലിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതിനു പകരം ബദല്‍ ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിനെ കുറിച്ച് ആലോചിക്കുമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ പറഞ്ഞു. ഇറാന്‍ എണ്ണപ്പാടങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതിനെ പിന്തുണക്കുന്ന നിലപാടാണ് ബൈഡന്‍ നേരത്തെ സ്വീകരിച്ചിരുന്നത്. എണ്ണയുല്‍പാദനം തടസ്സപ്പെടാന്‍ ഇടയാക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ കാരണവും ആഗോള വിപണിയില്‍ എണ്ണവില ഉയരാറുണ്ടെന്നാണ് ഇറാന്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ എണ്ണ വില ഉയരാന്‍ ഇടയാക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായി ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇറാന് ഏതു രീതിയിലാണ് തിരിച്ചടി നല്‍കേണ്ടത് എന്ന കാര്യത്തില്‍ ഇസ്രായില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ബൈഡന്‍ പറഞ്ഞു. ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായില്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം അവര്‍ ഇപ്പോഴും വിശകലനം ചെയ്തുവരികയാണ്. അമേരിക്കന്‍, ഇസ്രായില്‍ സംഘങ്ങള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് താന്‍ പഠിക്കുന്നുണ്ട്. ഇറാനില്‍ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍, ഇസ്രായില്‍ സംഘങ്ങള്‍ ഉടനടി തീരുമാനമെടുക്കില്ല.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്നും തന്നെക്കാള്‍ കൂടുതലായി ഇസ്രായിലിനെ സഹായിച്ച മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും, പശ്ചിമേഷ്യയില്‍ നയതന്ത്ര ശ്രമങ്ങള്‍ നിരാകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതായി വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ജോ ബൈഡന്‍ പറഞ്ഞു.
ഇസ്രായിലും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായിലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഏതു രീതിയില്‍ തിരിച്ചടി നല്‍കണമെന്ന കാര്യം ഇസ്രായില്‍ പഠിച്ചുവരികയാണ്. ഇറാന്‍ ആണവ കേന്ദ്രങ്ങളും എണ്ണ വ്യവസായ കേന്ദ്രങ്ങളും തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇസ്രായിലിന് ഇപ്പോള്‍ കൈവന്നിരിക്കുന്നത് എന്ന് ഇസ്രായില്‍ നേതാക്കള്‍ ശക്തിയായി വിശ്വസിക്കുന്നു. ഇറാനെ തകര്‍ക്കണമെന്ന ആവശ്യം ഇസ്രായിലില്‍ ശക്തമായിട്ടുണ്ട്. തെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചതിനും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ വധിച്ചതിനും തിരിച്ചടിയെന്നോണമാണ് ചൊവ്വാഴ്ച ഇറാന്‍ ഇസ്രായിലില്‍ മിസൈല്‍ ആക്രമണം നടത്തിയത്.