ദുബായ്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ മല്‍സരത്തില്‍ തോല്‍വി. ആദ്യ കിരീടം ലക്ഷ്യംവച്ചിറങ്ങിയ ഇന്ത്യ ന്യൂസിലന്റിനോട് 58 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച് വലിയ ടോട്ടല്‍ (160) പടുത്തുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യ 102ന് പുറത്താവുകയായിരുന്നു. സ്കോര്‍: ന്യൂസിലന്റ്- 160/4 (20 ഓവര്‍). ഇന്ത്യ – 102/10 (19 ഓവര്‍).മൂന്ന് വിക്കറ്റ് നേടിയ ലീ തഹുഹുവാണ് ഇന്ത്യയെ തകര്‍ത്തത്.
ന്യൂസീലന്‍ഡിനായി ഇഡന്‍ കാര്സന്, റോസ്മേരി മയെര്‍ എന്നിവര്‍ രണ്ടും അമേലിയ കെര്‍ ഒന്നും വിക്കറ്റ് നേടി. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവര്‍പ്ലേയ്ക്കകത്തുതന്നെ പുറത്തായതോടെ ഇന്ത്യയുടെ ഗതി ഏതാണ്ട് നിര്‍ണയിക്കപ്പെട്ടിരുന്നു. പിന്നാലെ മധ്യനിരയ്ക്കും പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15), ജെമീമ റോഡ്രിഗസ് (13), ദീപ്തി ശര്‍മ (13), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (12), ഓപ്പണര്‍ സ്മൃതി മന്ഥാന (12), ഷഫാലി വര്‍മ (2), പൂജ വസ്ത്രകാര്‍ (8), ശ്രേയങ്ക പാട്ടീല്‍ (), ആശ ശോഭന () എന്നിങ്ങനെയാണ് ഇന്ത്യന്‍ വനിതകളുടെ സംഭാവനകള്‍.
ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ചുറിയാണ് (36 പന്തില്‍ 57) ന്യൂസിലന്‍ഡിനെ മികച്ച നിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കി. സുസീ ബേറ്റ്സ് (24 പന്തില്‍ 27) ആണ് ആദ്യം പുറത്തായത്. ജോര്‍ജിയ പ്ലിമ്മറുമായി (23 പന്തില്‍ 34) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. അമേലിയ കെര്‍ (13), ബ്രൂക്ക് ഹാലിഡെ (16), മാഡി ഗ്രീന്‍ (5*) എന്നിങ്ങനെയാണ് മറ്റു സ്കോറുകള്‍. 36 പന്തുകളില്‍ ഏഴ് ഫോറുകള്‍ ചേര്‍ന്നതാണ് സോഫിയുടെ അര്‍ധ സെഞ്ചുറി.ഇന്ത്യക്കായി രേണുക സിങ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അരുന്ധതി റെഡ്ഢി, ആശാ ശോഭന എന്നിവര്‍ ഓരോ വിക്കറ്റും നേടി. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ആശയുടെ വിക്കറ്റ്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മറിനെ സ്മൃതി മന്ഥാനയുടെ കൈകളിലെത്തിച്ച് മടക്കുകയായിരുന്നു. കഴിഞ്ഞ 11 ട്വന്റി-20 മല്‍സരങ്ങളിലെ ന്യൂസിലന്റിന്റെ ആദ്യ ജയമാണ്.