ജിദ്ദ – കഴിഞ്ഞയാഴ്ച ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മയ്യിത്ത് രഹസ്യ കേന്ദ്രത്തില്‍ മറവു ചെയ്തതായി ഹിസ്ബുല്ലയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ ഭീഷണി മൂലം വവലിയ തോതിലുള്ള ജനകീയ പങ്കാളിത്തത്തോടെ മയ്യിത്ത് മറവു ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് മയ്യിത്ത് രഹസ്യമായി മറവു ചെയ്തത്. ജനകീയ പങ്കാളിത്തത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്നതു വരെ രഹസ്യ കേന്ദ്രത്തില്‍ മയ്യിത്ത് സൂക്ഷിക്കും. സാഹചര്യം അനുകൂലമാകുന്നതിന് അനുസരിച്ച് മയ്യിത്ത് ഇവിടെ നിന്ന് പുറത്തെടുത്ത് ജനകീയ പങ്കാളിത്തത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് പദ്ധതി. നസ്‌റല്ലക്കു വേണ്ടി ജനകീയ സംസ്‌കാര ചടങ്ങ് സംഘടിപ്പിക്കാന്‍ അമേരിക്കയില്‍ നിന്ന് ഗ്യാരണ്ടി നേടാന്‍ ലെബനീസ് നേതാക്കളുടെ മധ്യസ്ഥത വഴി ഹിസ്ബുല്ല ശ്രമം നടത്തിയെങ്കിലും ഹിസ്ബുല്ലയുടെ കേന്ദ്രമായ ദക്ഷിണ ബെയ്‌റൂത്തില്‍ ഇസ്രായില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്ന് ഇത്തരമൊരു ഗ്യാരണ്ടിയൊന്നും ലഭിച്ചില്ലെന്നും ലെബനീസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഹസന്‍ നസ്‌റല്ലയുടെ മൃതദേഹം തല്‍ക്കാലത്തേക്ക് രഹസ്യമായി മറവു ചെയ്‌തെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഹിസ്ബുല്ല വൃത്തങ്ങള്‍ നിഷേധിച്ചു. നസ്‌റല്ലയുടെ മയ്യിത്ത് മറവു ചെയ്യുന്ന സ്ഥലത്തെ കുറിച്ചും ഖബറടക്ക ചടങ്ങ് നടത്തുന്ന സമയത്തെ കുറിച്ചും ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ഹിസ്ബുല്ല വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടത്തിയ കൃത്യമായ ആക്രമണത്തിലൂടെ ഹിസ്ബുല്ല വാര്‍ത്താ വിനിമയ സംവിധാനം മേധാവി മുഹമ്മദ് റശീദ് സകാഫിയെ വധിച്ചതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. ഹിസബുല്ലയുടെ പഴയ നേതാക്കളില്‍ ഒരാളായ മുഹമ്മദ് റശീദ് സകാഫി രണ്ടായിരാമാണ്ടു മുതല്‍ വാര്‍ത്താ വിനിമയ സംവിധാനം മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നും ഇയാള്‍ക്ക് മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഗ്രൂപ്പിനകത്ത് വലിയ പരിചയസമ്പത്തും അധികാരങ്ങളുണ്ടായിരുന്നെന്നും ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു.