ജിദ്ദ – ചെങ്കടലില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തി. ആക്രമണത്തില്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായി. കോര്‍ഡെലിയ മൂണ്‍ എന്ന് പേരുള്ള എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ടാങ്കറിന്റെ ഫോട്ടോകളും ഹൂത്തികള്‍ പുറത്തുവിട്ടു. ഗാസക്ക് പിന്തുണയായി കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ചെങ്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും 188 കപ്പുകള്‍ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു.
യെമന്‍ ജനതക്കെതിരായ ആക്രമണം രൂക്ഷമാക്കാനാണ് അമേരിക്കയും ഇസ്രായിലും ശ്രമിക്കുന്നത്. ഈയാഴ്ച മാത്രം അമേരിക്കയും ഇസ്രായിലും ചേര്‍ന്ന് യെമനില്‍ 39 വ്യോമാക്രമണങ്ങള്‍ നടത്തി. ഇസ്രായില്‍, അമേരിക്കന്‍ ശത്രു അല്‍ഹുദൈദ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ല. തങ്ങള്‍ പോരാട്ടം തുടരുമെന്നും അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു.
പശ്ചിമ യെമനിലെ അല്‍ഹുദൈയില്‍ രണ്ടു തുറമുഖങ്ങളും രണ്ടു വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ട് കഴിഞ്ഞ ഞായറാഴ്ച ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് ഗാസക്കെതിരെ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്രായിലി ചരക്കു കപ്പലുകള്‍ക്കും ഇസ്രായിലുമായി ബന്ധമുള്ള ചരക്കു കപ്പലുകളും ലക്ഷ്യമിട്ട് ചെങ്കടലിലും അറബിക്കടലിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. തെല്‍അവീവും ഇസ്രായിലിലെ മറ്റു പ്രദേശങ്ങളും ലക്ഷ്യമിട്ടും ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.