ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റകൃത്യമായി കാണരുതെന്ന നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സമ്മതമില്ലാതെ ഭര്‍ത്താവ് ഭാര്യയെ കീഴ്പ്പെടുത്തുന്നത് കുറ്റകരവും മൗലികാവകാശ ലംഘനവുമാണ്. എന്നാല്‍ ഇതിനെ ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല. മറ്റ് അനുയോജ്യമായ ശിക്ഷാ നടപടികള്‍ അതിനുണ്ട്. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്നത്തേക്കാള്‍ കൂടുതല്‍ സാമൂഹിക പ്രശ്നമാണെന്നും അത് സമൂഹത്തെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. എല്ലാ പങ്കാളികളുമായും ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ വിഷയത്തിൽ തീരുമാനമെടുക്കാന്‍ കഴിയില്ലായെന്നും കേന്ദ്രം പറഞ്ഞു.
വൈവാഹിക ബന്ധത്തില്‍ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പാര്‍ലമെന്റ് ഇതിനകം നല്‍കിയിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നല്‍കുന്ന നിയമങ്ങളും ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. വിവാഹിതരായ സ്ത്രീകളെ സഹായിക്കുന്ന മറ്റൊരു നിയമമാണ് ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമമെന്നും കേന്ദ്രം പറഞ്ഞു.