തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം മാധ്യമങ്ങള്‍ക്കു സംഘടിപ്പിച്ചു കൊടുക്കുന്നതിനു പിന്നില്‍ പി.ആര്‍. ഏജന്‍സിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. മലപ്പുറം ജില്ലയെ കുറിച്ചുള്ള വിവാദ പരാമര്‍ശം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിനു മുമ്പ് കഴിഞ്ഞ മാസം യുഎഇയിലെ ഖലീജ് ടൈംസ് ദിനപത്രത്തിനു നല്‍കിയ അഭിമുഖവും സംഘടിപ്പിച്ചത് കൈസന്‍ ആണെന്ന് വിശ്വസനീയ കേന്ദ്രത്തില്‍ നിന്ന് ദ മലയാളം ന്യൂസിന് വിവരം ലഭിച്ചു.
പി.ആര്‍. ഏജന്‍സികളെ ഈ ജോലി ഏല്‍പ്പിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി വൃത്തങ്ങളും പറയുന്നത്. അഭിമുഖം വിവാദമായതോടെ ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണ കുറിപ്പിലാണ് കൈസന്‍ എന്ന ഏജന്‍സിയുടെ പേര് പുറത്തു വന്നത്. അഭിമുഖത്തിന് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും അഭിമുഖം നടക്കുന്നതിനിടെ ഈ ഏജന്‍സിയുടെ ആള്‍ അവിടെ എത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിന്ദു അഭിമുഖം വലിയ ചര്‍ച്ചയായി മാറിയതോടെയാണ് ഖലീജ് ടൈംസ് അഭിമുഖത്തിനു പിന്നിലും ഇതേ ഏജന്‍സിയാണെന്ന് വ്യക്തമായത്. ഈ അഭിമുഖം സംഘടിപ്പിച്ചതില്‍ ഏജന്‍സിയുടെ പങ്ക് മുഖ്യമന്ത്രി തള്ളിയിട്ടില്ല.
പിആര്‍ ഏജന്‍സിയുടെ പങ്ക് തള്ളിക്കളയുമ്പോഴും ഇന്ത്യയിലും പുറത്തും ഒരേ ഏജന്‍സി തന്നെ മുഖ്യമന്ത്രിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹതകളുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആക്ഷേപം. സംഘ് പരിവാര്‍ കാലങ്ങളായി മലപ്പുറം ജില്ലയ്‌ക്കെതിരെ പ്രചരിപ്പിക്കുന്ന വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ അതേപടി പരാമര്‍ശിക്കുന്ന ഒരു പത്രക്കുറിപ്പ് ഇതേ ഏജന്‍സി തന്നെ ദല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു എന്നു കൂടി വ്യക്തമായതോടെ ഈ നീക്കത്തിനു പിന്നില്‍ ദുരൂഹത ഏറുകയാണുണ്ടായത്. ഈ പത്രക്കുറിപ്പ് തയാറാക്കിയതും അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നുമുള്ള റിപോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.