- പലർക്കും പലതും നഷ്ടപ്പെടാനുണ്ടാവും. അങ്ങനെയുള്ള ആരും തന്റെ കൂടെ വരണ്ടാ എന്നാണ് പറയാനുള്ളതെന്നും പി.വി അൻവർ
- മുഖ്യമന്ത്രിയെ പാർട്ടിക്കു ഭയം, മുഖ്യമന്ത്രിക്കാവട്ടെ ശശിയെയും എ.ഡി.ജി.പിയെയും പേടിയെന്നും വിമർശം
മലപ്പുറം: മുഖ്യമന്ത്രിയെ താങ്ങുന്ന ഡോ. കെ.ടി ജലീൽ എം.എൽ.എയെ പരിഹസിച്ച് പി.വി അൻവർ എം.എൽ.എ. ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ഒറ്റക്ക് നിൽക്കാനുള്ള ശേഷിയില്ലെന്നുമായിരുന്നു അൻവറിന്റെ പരിഹാസം. ജലീലിന് ഒറ്റയ്ക്കു നിൽക്കാൻ ഭയമാണ്. പലർക്കും പലതും നഷ്ടപ്പെടാനുണ്ടാവും. അങ്ങനെയുള്ള ആരും തന്റെ കൂടെ വരണ്ടാ എന്നാണ് പറയാനുള്ളത്. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടിവെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലമ്പൂർ ആയിഷയുടെ മനസ് തന്റെ കൂടെയാണ്. കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്. വീട്ടിൽ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് അങ്ങനെ തന്നെ ഉണ്ടാവുമെന്നും അൻവർ പറഞ്ഞു.
പി.ആറിൽ സി.പി.എമ്മിൽ പല അഭിപ്രായമുണ്ട്. പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയിലെ പലർക്കും മുഖ്യമന്ത്രിയെ പേടിയാണ്. അതേപോലെ മുഖ്യമന്ത്രിക്കാവട്ടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയെയും എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനേയും ഭയമാണ്. ഇങ്ങനെ പോയാൽ ത്രിപുരയിലെയും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് കേരളത്തിലെയും സി.പി.എം പോകുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം ഒരു സമുദായത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കും. മലപ്പുറം സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്നും പണം ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞതാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. അതിനു തയ്യാറല്ലെങ്കിൽ മാപ്പു പറയാനെങ്കിലും തയ്യാറാവണം. പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ എം.എൽ.എ സ്ഥാനം തടസ്സമാണെങ്കിൽ രാജിവെക്കുമെന്നും വെല്ലുവിളികൾ മുന്നിൽ കണ്ടാണ് ഇറങ്ങിയിരിക്കുന്നതെന്നും പി.വി അൻവർ വ്യക്തമാക്കി.