ജിദ്ദ – സ്‌കൂള്‍ കാന്റീന്‍ തൊഴിലാളികള്‍ ഭക്ഷണങ്ങള്‍ തയാറാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വാച്ചുകളും മോതിരങ്ങളും ആഭരണങ്ങളും അടക്കമുള്ള വ്യക്തിഗത വസ്തുക്കള്‍ ധരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍ വിലക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ജോലി സമയത്ത് കാന്റീന്‍ ജീവനക്കാര്‍ യൂനിഫോം ധരിക്കുകയും ഭക്ഷണം തയാറാക്കുമ്പോള്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള, മുടിമറക്കുന്ന നെറ്റ് ഉപയോഗിക്കുകയും മാസ്‌കുകളും കൈയുറകളും ധരിക്കുകയും വേണം. നഖം പതിവായി വെട്ടുകയും വൃത്തിയാക്കുകയും വേണം.
ഡ്യൂട്ടി ആരംഭിക്കുന്നതിനു മുമ്പായി കൈകള്‍ നന്നായി കഴുകണം. ഓരോ തവണ ഭക്ഷണം തയാറാക്കി കഴിഞ്ഞ ശേഷവും ഓരോ തവണ ജോലി നിര്‍ത്തിയ ശേഷവും ശരീര ഭാഗങ്ങള്‍ സ്പര്‍ശിച്ച ശേഷവും കൈകള്‍ കഴുകണം. കാന്റീനില്‍ വെച്ച് ഭക്ഷണ, പാനീയങ്ങള്‍ കഴിക്കാനോ പുകവലിക്കാനോ പാടില്ല. കഴുക്കിക്കഴിഞ്ഞ ശേഷം കൈകള്‍ സ്വന്തം വസ്ത്രങ്ങളിലോ തുണിക്കഷ്ണത്തിലോ തുടച്ച് ഉണക്കാനും പാടില്ല.
സ്‌കൂള്‍ കാന്റീന്‍ നടത്തിപ്പ് കരാര്‍ ഏറ്റെടുക്കുന്നവര്‍ ഭക്ഷണം തയാറാക്കുന്ന ജീവനക്കാര്‍ക്കുള്ള ആരോഗ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. പകര്‍ച്ചവ്യാധി ബാധിച്ചതായി സംശയിക്കുന്നവരെയും മുറിവുകള്‍ ബാധിച്ചവരെയും ചര്‍മത്തില്‍ അണുബാധയുള്ളവരെയും അള്‍സറും വയറിളക്കവും ബാധിച്ചവരെയും ഭക്ഷണം കൈകാര്യം ചെയ്യാനോ ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ട ഏതെങ്കിലും ജോലി ചെയ്യാനോ അനുവദിക്കരുത്. കാന്റീനില്‍ ജോലിക്കിടെ തൊഴിലാളിക്ക് പരിക്കേറ്റാല്‍, വാട്ടര്‍പ്രൂഫ് മെഡിക്കല്‍ സ്റ്റിക്കര്‍ ഉപയോച്ചോ മറ്റോ മുറിവേറ്റ സ്ഥലം പൂര്‍ണമായും സംരക്ഷിച്ച് പ്രാഥമിക ശുശ്രൂകള്‍ നല്‍കുന്നതു വരെ അയാളെ ജോലിയില്‍ നിന്ന് അകറ്റിനിര്‍ത്തണം. പരിക്ക് ഭേദകമാകുന്നതു വരെ അയാളെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കരുത്. പകര്‍ച്ചവ്യാധി ബാധിച്ചാല്‍ തൊഴിലാളിയെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി ചികിത്സ നല്‍കുമെന്നും ഇക്കാര്യം സ്‌കൂൡ അറിയിക്കുമെന്നും പകരം ജോലിക്കാരനെ കൊണ്ടുവരുമെന്നും കാന്റീന്‍ നടത്തിപ്പ് കരാര്‍ ഏറ്റെടുക്കുന്നയാള്‍ രേഖാമൂലം ഉറപ്പുനല്‍കണമെന്നും വ്യവസ്ഥയുണ്ട്.