കോഴിക്കോട്- കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് മരിച്ച അർജുന്റെ കുടുംബം, ലോറി ഉടമ മനാഫിനെതിരെ രൂക്ഷ ആരോപണവുമായി രംഗത്തെത്തി. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുന്നതായി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. ‘ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു. ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ് ഇനിയും അത് തുടരരുതെന്നാണ് പറയുന്നത്. തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളില്‍ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആ പണം ആവശ്യമില്ലെന്നും ജിതിൻ പറഞ്ഞു.
അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്നാണ് മനാഫ് പറഞ്ഞത്. ഇങ്ങിനെ പറയുന്നതിൽനിന്ന് മനാഫ് പിൻമാറണം. പല കോണുകളില്‍ നിന്ന് ഞങ്ങളെ സഹായിക്കാനെന്ന വ്യാജേന ഫണ്ട് ശേഖരിക്കുകയാണ്. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്തടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എസ് പിയും എം എല്‍ എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് മുമ്പില്‍ തങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടു പോയാല്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജിതിൻ പറഞ്ഞു.
ഡ്രഡ്ജര്‍ എത്തിച്ചതിന്റെ ആദ്യത്തെ രണ്ട് ദിവസം മാല്‍പെയെ കേന്ദ്രീകരിച്ച് നടത്തിയതോടെ ആ ദിവസങ്ങള്‍ നഷ്ടമായി. തുടര്‍ന്ന് അവിടത്തെ എസ്പിക്കും എംഎല്‍എയ്ക്കും കാര്യം മനസിലായി. അത് ഞങ്ങളുമായി ചര്‍ച്ച ചെയ്തു. ഈശ്വര്‍ മാല്‍പെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തെരച്ചിലില്‍ നടത്തിയ കാര്യങ്ങള്‍ പറഞ്ഞിരുന്നത്. അപ്പോഴാണ് പോലീസ് അതില്‍ ഇടപെട്ടത്. തെരച്ചിലില്‍ ലഭിക്കുന്ന വിവരം ആദ്യം അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് താക്കീത് നല്‍കുകയും ചെയ്തു.മനാഫിനും യൂട്യൂബ് ചാനലുണ്ട്. ഷിരൂരില്‍ നടക്കുന്ന കാര്യങ്ങള്‍ യൂട്യൂബിലൂടെ കാണിച്ച് വ്യൂസ് കൂട്ടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
എല്ലാം കഴിഞ്ഞിട്ടും യൂട്യൂബില്‍ ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുകയാണ്. ആ വീഡിയോകളെല്ലാം കുടുംബത്തെയാണ് ബാധിക്കുന്നതെന്നും കുടുംബം പറഞ്ഞു. അര്‍ജുന്റെ ഭാര്യയും സഹോദരനും മാതാവും അമ്മയും സഹോദരിയും ബന്ധുക്കളും മാധ്യമങ്ങളോട് മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു.
അതേസമയം, ആരോപണങ്ങൾ മനാഫ് നിഷേധിച്ചു. അർജുന് വേണ്ടി ആരോടും പണം പിരിച്ചിട്ടില്ലെന്നും തന്റെ പുതിയ ലോറിക്ക് അർജുൻ എന്ന് പേരിടുമെന്നും മനാഫ് പറഞ്ഞു. എന്തിന്റെ പേരിലാണ് കുടുംബം ആരോപണം ഉന്നയിക്കുന്ന് എന്ന് അറിയില്ലെന്നും മനാഫ് പറഞ്ഞു.