വാഷിങ്ടന്‍. ലെബനോനിലെ ഹിസ്ബുല്ല മേധാവി ഹസന്‍ നസറല്ലയെ കൊലപ്പെടുത്താന്‍ ഇസ്രായിലി സൈന്യം ഉപയോഗിച്ചത് 900 കിലോ ഗ്രാം അമേരിക്കന്‍ നിര്‍മ്മിത ബോംബാണെന്ന് യുഎസ് സെനറ്റര്‍ മാര്‍ക്ക് കെല്ലി അവകാശപ്പെട്ടു. മാര്‍ക്ക് 84 സീരീസ് ബോംബുകളാണ് ഉപയോഗിച്ചതെന്നും അമേരിക്കന്‍ സെനറ്റില്‍ ആംഡ് സര്‍വീസ് എയര്‍ലാന്‍ഡ് സബ്കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ കെല്ലി പറഞ്ഞു. ഗൈഡഡ് ആയുധങ്ങളുടേയും സംയുക്ത ആക്രമണ ആയുധങ്ങളുടേയും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്, ഈ ആയുധങ്ങള്‍ നല്‍കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
ഇസ്രായിലിന് ഏറ്റവും കൂടതല്‍ ആയുധങ്ങള്‍ നല്‍കുന്നത് യുഎസ് ആണ്. ഹമാസിനെതിരായ യുദ്ധം തുടങ്ങിയതിനു ശേഷം ഇതു വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നസ്‌റല്ലയെ വധിച്ച വ്യോമാക്രമണത്തെ കുറിച്ച് യുഎസിനെ ഇസ്രായില്‍ അറിയിച്ചിരുന്നില്ല എന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. തെക്കന്‍ ഇസ്രായിലില്‍ ഹിസ്ബുല്ല നടത്തിയ മിന്നല്‍ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായില്‍ ലെബനോനില്‍ ആക്രമണത്തിന്റെ ശക്തി കൂട്ടിയത്. ഈ ആക്രമണത്തില്‍ നസ്‌റല്ല ഉള്‍പ്പെടെ ഹിസ്ബുല്ലയുടെ ഏഴ് ഉന്നത നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇവരിലേറെ പേരും തുടക്കം മുതല്‍ ഹിസ്ബുല്ലയ്‌ക്കൊപ്പമുള്ളവരാണ്. ലെബനോനിലെ ഏറ്റവും സ്വാധീനമുള്ള സൈനിക, രാഷ്ട്രീയ ശക്തിയാണ് ഹിസ്ബുല്ല.