മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്ക് മാഡ്രിഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. സീസണില്‍ ആദ്യ മാഡ്രിഡ് ഡെര്‍ബിയാണ് ആരാധകര്‍ക്ക് നിരാശ നല്‍കി സമനിലയില്‍ പിരിഞ്ഞത്. സമനിലയോടെ റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരും. ജയിച്ചാല്‍ റയലിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു.64ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ എഡര്‍ മിലിറ്റാവോയാണ് റയലിനായി ലീഡ് നല്‍കിയത്. ഇഞ്ചുറി ടൈമില്‍ ഏയ്ഞ്ചല്‍ കുറെ സമനില ഗോള്‍ നേടി അത്‌ലറ്റിക്കോയ്ക്ക് വിലപ്പെട്ട സമനില നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ അത്‌ലറ്റിക്കോയുടെ മാര്‍ക്കോസ് ലോറന്റെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. സമനിലയോടെ അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തെത്തി. റയലുമായുള്ള പോയിന്റ് അന്തരം രണ്ടാക്കി കുറയ്ക്കാനും സിമിയോണിയുടെ കുട്ടികള്‍ക്കായി.
മല്‍സരത്തില്‍ മുന്‍തൂക്കം റയലിനായിരുന്നെങ്കിലും അത്‌ലറ്റിക്കോ ആക്രമിച്ച് കളിച്ചിരുന്നു. നിരവധി അവസരങ്ങള്‍ റയല്‍ സൃഷ്ടിച്ചിരുന്നു. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മല്‍സരം.അത്‌ലറ്റിക്കോ ആരാധകര്‍ മല്‍സരത്തെ അലങ്കോലമാക്കിയതായി റയല്‍ കോച്ച് ആരോപിച്ചു. ആരാധകരുടെ മോശം ഇടപെടല്‍ കാരണം ഗോള്‍കീപ്പര്‍ അടക്കം നിരവധി താരങ്ങള്‍ക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കോച്ച് വ്യക്തമാക്കി. റയല്‍ ഗോള്‍കീപ്പര്‍ കുര്‍ട്ടോറിയസിന് നേരെ ആരാധകര്‍ ചവറുകള്‍ വലിച്ചെറിഞ്ഞിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ടോട്ടന്‍ഹാം എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ജോണ്‍സണ്‍, കുല്‍സേവസ്‌കി, സോളങ്കെ എന്നിവര്‍ ടോട്ടന്‍ഹാമിനായി സ്‌കോര്‍ ചെയ്തു. തോല്‍വിയോടെ യുനൈറ്റഡ് 12ാം സ്ഥാനത്തേക്ക് വീണു. ആറ് മല്‍സരങ്ങളില്‍ നിന്നായി യുനൈറ്റഡിന് രണ്ട് ജയവും ഒരു സമനിലയുമാണ് സമ്പാദ്യം. ടോട്ടന്‍ഹാം ലീഗില്‍ എട്ടാം സ്ഥാനത്താണ്.