ബെയ്റൂത്ത് – ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മയ്യിത്ത് ലെബനോനില്‍ തന്നെ മറവു ചെയ്യുമെന്ന് ഹിസ്ബുല്ലയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മയ്യിത്ത് ഖബറടക്കുന്ന സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. സുരക്ഷാ സാഹചര്യങ്ങള്‍ അനുവദിക്കുന്നതു വരെ ഖബറടക്ക ചടങ്ങുകള്‍ നീട്ടിവെക്കാനാണ് സാധ്യത. നേതാക്കള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങ് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നസ്‌റല്ലയുടെ മയ്യിത്ത് ഇറാഖിലെ നജഫില്‍ മറവു ചെയ്യാന്‍ സാധ്യതയുണ്ടെന്ന നിലക്കുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ ലെബനോനില്‍ തന്നെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയത്.
അതേസമയം, ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി ഹാശിം സ്വഫിയുദ്ദീനെ ഹിസ്ബുല്ല ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിച്ചുവന്ന ഹാശിം സ്വഫിയുദ്ദീന്‍ ഹിസ്ബുല്ലയിലെ രണ്ടാമനായിരുന്നു. ഇദ്ദേഹം ഹസന്‍ നസ്‌റല്ലയുടെ മാതൃസഹോദരീ പുത്രനും, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ അല്‍ഖുദ്‌സ് ഫോഴ്‌സ് മുന്‍ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ ബന്ധുവുമാണ്. ഹാശിം സ്വഫിയുദ്ദീന്റെ പുത്രന്‍ വിവാഹം ചെയ്തിരിക്കുന്നത് ഖാസിം സുലൈമാനിയുടെ മകളെയാണ്. നസ്‌റല്ലയുടെ വിയോത്തില്‍ ലെബനോനില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഇന്ന് പുലര്‍ച്ചെ ബെയ്‌റൂത്തില്‍ ഫ്‌ളാറ്റ് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹമാസ് ഇസ്രായിലില്‍ ആക്രമണം നടത്തിയ ശേഷം ആദ്യമായാണ് ബെയ്‌റൂത്തില്‍ ഇസ്രായില്‍ ആക്രമണം നടത്തുന്നത്. ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയത്. പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും സൈനിക വിഭാഗം മേധാവിയുമായ മുഹമ്മദ് അബ്ദുല്‍ആല്‍, സൈനിക വിഭാഗം അംഗവും ലെബനോനിലെ സൈനിക കമാണ്ടറുമായ ഇമാദ് ഔദ, അംഗം അബ്ദുറഹ്മാന്‍ അബ്ദുല്‍ ആല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആകെ നാലു പേരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഇടതുപക്ഷ സംഘടനയായ പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീനെ ഇസ്രായിലും യൂറോപ്യന്‍ യൂനിയനും ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസക്കുള്ള പിന്തുണയെന്നോണം ഉത്തര ഇസ്രായിലില്‍ ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങളെ സംഘടന സഹായിക്കുന്നു. ഇന്ന് പുലര്‍ച്ചെ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 12 ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങളില്‍ 132 പേര്‍ കൊല്ലപ്പെട്ടതായും ശനിയാഴ്ച 33 പേര്‍ കൊല്ലപ്പെടുകയും 195 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇന്നലെ പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.