ജിദ്ദ- സി എച്ച് മുന്നോട്ടുവെച്ച രാഷ്ട്രീയമാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘സി എച്ച്, ഓർമ്മകൾ വാടാത്ത നാല് പതിറ്റാണ്ടുകൾ’ എന്ന ശീർഷകത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് വിഭാവനം ചെയ്‌ത ആശയങ്ങളുടെ പ്രായോഗികവൽക്കരണമാണ് സി.എച്ചിലൂടെ നടന്നത്. സർവത്ര വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ഭരണതലത്തിൽ പ്രവർത്തിക്കുകയും പാർട്ടിക്കാരോടും നാട്ടുകാരോടും വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുകയും ചെയ്തിരുന്ന സിഎച്ചിന്റെ സ്വപ്നങ്ങളാണ് ഇപ്പോൾ പ്രാവർത്തികമായിക്കൊണ്ടിരിക്കുന്നത് എന്നും ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയുടെ സ്ഥാപകൻ കൂടിയായ നജീബ് എം.എൽ.എ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്‌തു. സി.എച്ച് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കർമ്മ ഫലങ്ങൾക്ക് നാല് പതിറ്റാണ്ടിനപ്പുറവും മരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, മൂസ ബി.ചെർക്കള, അഹമ്മദ് പാളയാട്ട്, സമദ് പട്ടണിൽ എന്നിവർ പ്രസംഗിച്ചു. ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി ഇൻചാർജ് ഇസ്‌ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ വിപി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.