ലെബനോൺ – ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനു നേരെ വെള്ളിയാഴ്ച വൈകീട്ട് ഇസ്രായില്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മൃതദേഹം ആക്രമണ സ്ഥലത്തു നിന്ന് പുറത്തെടുത്തു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും സ്‌ഫോടനത്തിന്റെ ശക്തിയെ തുടർന്നുണ്ടായ കനത്ത ആഘാതമാണ് മരണ കാരണമെന്നാണ് തോന്നുന്നതെന്നും സുരക്ഷാ, മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ രൂപപ്പെട്ട ആഴമേറിയ ഗര്‍ത്തത്തില്‍ നിന്നാണ് നസ്‌റല്ലയുടെ മൃതദേഹം പുറത്തെടുത്തത്.
ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുല്ല ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെ രണ്ടു മിനിറ്റിനകം ഉഗ്രശേഷിയുള്ള ഒരു ടണ്‍ വീതം ഭാരമുള്ള 80 ബോംബുകളാണ് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചത്. ഈ കെട്ടിടവും സമീപത്തെ ഏതാനും കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി പ്രദേശത്ത് ആഴമേറിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു.
ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ലയും ദക്ഷിണ മുന്നണി കമാണ്ടറായ അലി കരകിയും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വ്യത്യസ്ത റാങ്കുകളില്‍ പെട്ട ഹിസ്ബുല്ലയുടെ 20 ലേറെ നേതാക്കളെയും ഇരുവര്‍ക്കുമൊപ്പം ആക്രമണത്തിലൂടെ വകവരുത്തി. അണ്ടര്‍ ഗ്രൗണ്ട് ആസ്ഥാനത്ത് നസ്‌റല്ലയും ഹിസ്ബുല്ല നേതാക്കളും ഒത്തുചേര്‍ന്ന സമയത്താണ് ആക്രമണം നടത്തിയത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ഇസ്രായിലിനെതിരെ ആക്രമണത്തിന് നേതൃത്വം നല്‍കുകയും ആസൂത്രണം നടത്തുകയുമായിരുന്നു ഇവര്‍.
ഹസന്‍ നസ്‌റല്ലയുടെ സുരക്ഷാ വിഭാഗം യൂനിറ്റ് മേധാവി ഇബ്രാഹിം ഹുസൈന്‍ ജസീനി, നസ്‌റല്ലയുടെ ഉപദേഷ്ടാവ് സമീര്‍ തൗഫീഖ് ദീബ്, ഹിസ്ബുല്ലയുടെ ശക്തി കെട്ടിപ്പടുക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള അബ്ദുല്‍ അമീര്‍ മുഹമ്മദ് സബ്‌ലീനി, ഹിസ്ബുല്ല ഫയര്‍ മാനേജ്‌മെന്റ് ഉത്തരവാദിത്തമുള്ള അലി നായിഫ് അയ്യൂബ് എന്നിവരും നസ്‌റല്ലക്കൊപ്പം കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഹസന്‍ നസ്‌റല്ല കഴിയുന്ന സ്ഥലത്തെ കുറിച്ച വിവരങ്ങള്‍ അമേരിക്കക്ക് കൈമാറിയത് ഇറാനെന്ന് അറബ് ഇസ്ലാമിക് കൗൺസിൽ സെക്രട്ടറി ജനറൽ
ജിദ്ദ – ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കഴിയുന്ന സ്ഥലത്തെ കുറിച്ച കൃത്യമായ വിവരങ്ങള്‍ അമേരിക്കക്ക് നല്‍കിയത് ഇറാനാണെന്ന് അറബ്, ഇസ്‌ലാമിക് കൗണ്‍സില്‍ സെക്രട്ടറി ജനറലും ലെബനോനിലെ പ്രമുഖ ശിയാ പണ്ഡിതനുമായ മുഹമ്മദ് അലി അല്‍ഹുസൈനി പറഞ്ഞു. നസ്‌റല്ല കഴിയുന്ന സ്ഥലത്തെ കുറിച്ച വിവരങ്ങള്‍ ഇറാനാണ് അമേരിക്കക്ക് കൈമാറിയത് എന്ന കാര്യം തനിക്ക് പൂര്‍ണമായും ഉറപ്പാണ്. ഈ വിവരങ്ങള്‍ അമേരിക്ക ഇസ്രായിലിന് കൈമാറിയോ എന്നത് അടക്കമുള്ള ശേഷിക്കുന്ന കാര്യങ്ങള്‍ തനിക്കറിയില്ലെന്നും മുഹമ്മദ് അലി അല്‍ഹുസൈനി പറഞ്ഞു.
കഴിഞ്ഞയാഴ്ച അല്‍അറബിയ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഹസന്‍ നസ്‌റല്ല വൈകാതെ കൊല്ലപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് അലി അല്‍ഹുസൈനി പറഞ്ഞിരുന്നു. താങ്കളെ വിലക്കു വാങ്ങിയവര്‍ തന്നെ ഇന്ന് താങ്കളെ വിറ്റതായും ഏതു സമയവും കൊല്ലപ്പെടാമെന്നതിനാല്‍ ഒസ്യത്ത് എഴുതി വെക്കണമെന്നും മുഹമ്മദ് അലി അല്‍ഹുസൈനി ടി.വി അഭിമുഖത്തിനിടെ കഴിഞ്ഞയാഴ്ച ഹസന്‍ നസ്‌റല്ലയോട് പറഞ്ഞിരുന്നു.
ഹസന്‍ നസ്‌റല്ല കഴിയുന്ന സ്ഥലത്തെ കുറിച്ച കൃത്യമായ വിവരങ്ങളും നസ്‌റല്ലയുടെ നീക്കങ്ങളും മറ്റു വിശദാംശങ്ങളും വിദേശ ശക്തിക്ക് കൈമാറിയിരുന്നു. അതുകൊണ്ടാണ് നസ്‌റല്ലയെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകുമെന്ന് താന്‍ മുന്‍കൂട്ടി പ്രവചിച്ചത്. ഹസന്‍ നസ്‌റല്ലയുടെ നീക്കങ്ങളെ കുറിച്ചു മാത്രമല്ല, മുഴുവന്‍ ഹിസ്ബുല്ല നേതാക്കളുടെയും നീക്കങ്ങളെ കുറിച്ച വിവരങ്ങള്‍ ഇങ്ങിനെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വളരെ അടുത്തു നിന്ന് ആക്രമണങ്ങള്‍ നടത്തി ഇവരെയെല്ലാവരെയും ഇസ്രായില്‍ വകവരുത്തിയത്.
ഇറാനാണ് ഹിസ്ബുല്ല സ്ഥാപിച്ചത്. മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചട്ടുകം എന്നോണം ഹിസ്ബുല്ലയെ ഇറാന്‍ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തും മധ്യപൗരസ്ത്യദേശത്തും സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം തങ്ങളെ ലക്ഷ്യമിടുന്നതായും ഇതിന് ബലി നല്‍കണമെന്നും ഇറാന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് ഹസന്‍ നസ്‌റല്ലയെയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെയും അതിനു മുമ്പ് ഖാസിം സുലൈമാനിയെയും അവര്‍ ബലിനല്‍കിയത്. ഇറാന്‍ ഭരണകൂടത്തിന്റെ നിലനില്‍പിന് വേണ്ടിയായിരുന്നു ഇത്. ഇറാന്‍ ആരെയും വിശുദ്ധരാക്കുന്നില്ല. തങ്ങളുടെ താല്‍പര്യം മാത്രമാണ് ഇറാന്‍ ഭരണകൂടം നോക്കുന്നത്. ഇതിന് ഖാസിം സുലൈമാനിയെയോ ഇസ്മായില്‍ ഹനിയ്യയെയോ ഹസന്‍ നസ്‌റല്ലയെയോ അവര്‍ ബലി നല്‍കുകയാണെന്നും മുഹമ്മദ് അലി അല്‍ഹുസൈനി പറഞ്ഞു.
ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് നേതാക്കളെയും യെമനിലെ ഹൂത്തികളെയും കൈയൊഴിയാന്‍ ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികളെ കൈയൊഴിയുന്നത് ഇറാന്‍ തുടരുകയാണ്. ആദ്യം ഗാസയില്‍ ഹമാസിനെയും പിന്നീട് ലെബനോനില്‍ ഹിസ്ബുല്ലയെയും ഇറാന്‍ കൈയൊഴിഞ്ഞു. സിറിയയിലും ഇറാഖിലും യെമനിലും തങ്ങളുടെ സഖ്യകക്ഷികളെ ഇറാന്‍ കൈയൊഴിയും. ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുല്ല നേതൃത്വം ഏറ്റെടുക്കുന്ന ഏതു വ്യക്തിയും കൊല്ലപ്പെടും. ഇതിനാവശ്യമായ വിവരങ്ങള്‍ ഇറാന്‍ തന്നെ കൈമാറുമെന്നും മുഹമ്മദ് അലി അല്‍ഹുസൈനി പറഞ്ഞു.