ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കുള്ള പകരക്കാരനെ കണ്ടെത്താൻ പാർട്ടി കോൺഗ്രസ് വരെ കാത്തിരിക്കണം. പകരം പാർട്ടി കോൺഗ്രസ് വരെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ചുക്കാൻ പിടിക്കും. ഇന്ന് ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇതനുസരിച്ച് പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ- ഓർഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തിയതായി പാർട്ടി അറിയിച്ചു. ഏപ്രിലിൽ മധുരയിൽ ചേരുന്ന 24-ാം പാർട്ടി കോൺഗ്രസ് വരെയാണ് ചുമതല. പാർട്ടി പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും വളരെ വിശദമായ ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. കാരാട്ട് 2005 മുതൽ 2015 വരെ പാർട്ടിയുടെ ജനറൽസെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.
പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച സ്ഥിതിക്ക് പുതിയൊരു താത്കാലിക ജനറൽസെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടതില്ലെന്നും പകരം കോ-ഓർഡിനേറ്റർ മതിയെന്നുമുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു നേതൃത്വം.
മതനിരപേക്ഷ ഇന്ത്യയുടെ ആവേശവും ഊർജവുമായി നിലകൊണ്ട സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ സി.പി.എമ്മിനും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കുമെല്ലാം കരുത്തുറ്റ ഒരു നെടും തൂണാണ് നഷ്ടമായത്. പക്വമതിയും പ്രായോഗികവാദിയും ധിഷണാശാലിയുമായ ആ പ്രതിഭാ വിലാസം വലിയൊരു വിടവാണ് ഇന്ത്യാ മുന്നണിക്കും സി.പി.എമ്മിനുമെല്ലാം ഉണ്ടാക്കിയിട്ടുള്ളത്. പാർട്ടി ജനറൽസെക്രട്ടറി എന്ന നിലയിലും മികച്ച പാർല്ലമെന്റേറിയൻ എന്ന നിലയ്ക്കുമെല്ലാം തന്റെ പ്രതിഭയും സംഘടനാ പാടവവും നേതൃശേഷിയും അനിതര സാധാരണമായി സമൂഹത്തിന് മുമ്പിൽ മാതൃകാപരമായി അടയാളപ്പെടുത്തിയാണ് യെച്ചൂരി വിടവാങ്ങിയത്. പാർട്ടിക്കകത്തും, ഇന്ത്യാ മുന്നണിക്കകത്തും പുറത്തുമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും, രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരാനും മതനിരപേക്ഷ കൂട്ടായ്മ വിപുലപ്പെടുത്താനും ദീർഘവീക്ഷണത്തോടെ എല്ലാവരെയും കണ്ണിചേർക്കാനുമെല്ലാം യെച്ചൂരി വഹിച്ച പങ്ക് വളരെ വലുതാണ്. കാര്യങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാനും അത് ജനങ്ങൾക്കും ഭരണാധികാരികൾക്കു മുമ്പിലും കൃത്യമായി അവതരിപ്പിക്കാനും അദ്ദേഹം കാണിച്ച നയചാതുര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.