റിയാദ് – ഇത്തവണ റിയാദ് ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ 96 ഭാഷകള്‍ സംസാരിക്കുന്ന റോബോട്ടും. ബുക് ഫെയര്‍ ഇടനാഴികളില്‍ ചുറ്റിനടക്കുന്ന റോബോട്ട് സന്ദര്‍ശകരെ ബുക് ഫെയറിലേക്ക് സ്വാഗതം ചെയ്യുകയും വ്യത്യസ്ത ഭാഷകളില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്നു. 102 നിര്‍മിത ബുദ്ധി പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ട് ബുക് ഫെയറിനോടനുബന്ധിച്ച സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കും 800 ലേറെ പവലിയനുകളിലായി പരന്നുകിടക്കുന്ന പബ്ലിഷിംഗ് ഹൗസ് സൈറ്റുകളിലേക്കുമുള്ള സന്ദര്‍ശകരുടെ പ്രവേശനം സുഗമമാക്കുന്നു.
ബുക് ഫെയര്‍ സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ ശ്രമങ്ങളുടെ ഭാഗമായും ലോകത്തിലെ പ്രസിദ്ധീകരണ, വൈജ്ഞാനിക വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി നടക്കുന്ന ഒരു പ്രധാന സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ റിയാദ് ബുക് ഫെയറിന്റെ പദവി സ്ഥിരീകരിക്കാനുമാണ് ബുക് ഫെയറില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോംവഴികള്‍ പ്രയോജനപ്പെടുത്തുന്നത്.
പബ്ലിഷിംഗ് ഹൗസുകളുടെയും വിവിധ ബൗദ്ധിക പ്രസിദ്ധീകരണങ്ങളുടെയും കേന്ദ്രങ്ങളെ കുറിച്ച സന്ദര്‍ശകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനെയും സന്ദര്‍ശകരെ സ്വീകരിക്കുന്നതിനെയുമാണ് ഈ സംവേദനാത്മക സാങ്കേതിക കണ്ടുപിടുത്തത്തിന്റെ ആശയം അടിസ്ഥാനമാക്കുന്നതെന്ന് റോബോട്ടിന്റെ പ്രോഗ്രാമര്‍ എന്‍ജിനീയര്‍ മഹ്മൂദ് ബിന്‍ അജ്‌ലാന്‍ വിശദീകരിച്ചു.
റോബോട്ട് പൂര്‍ണമായും സൗദി നിര്‍മിതമാണ്. ആവശ്യപ്പെടുന്ന പുസ്തകത്തിന്റെ ആശയങ്ങളുടെയും വിഷയങ്ങളുടെയും ഓഡിയോ അവതരണത്തിലൂടെ സന്ദര്‍ശകരുടെ സാംസ്‌കാരിക അനുഭവം സമ്പന്നമാക്കാന്‍ റോബോട്ട് സഹായിക്കുന്നു. ഉയര്‍ന്ന പ്രൊഫഷനലിസത്തോടെ റോബോട്ട് 96 ഭാഷകള്‍ സംസാരിക്കുന്നു. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുമായി സംവദിക്കാന്‍ ഇത് റോബോട്ടിനെ പ്രാപ്തമാക്കുന്നു.
സൗദി, മൊറോക്കൊന്‍, ഈജിപ്ഷ്യന്‍, ബഹ്‌റൈന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക സംസാര ശൈലികള്‍ പോലും റോബോട്ട് മനസ്സിലാക്കുന്നു. പ്രസിദ്ധീകരണങ്ങളും ഉല്‍പന്നങ്ങളും അവയുടെ വിശദീകരണ വീഡിയോയും പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനും റോബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്നു. സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും അവരുടെ അന്വേഷണങ്ങളോടും ചോദ്യങ്ങളോടും പ്രതികരിക്കാനും റോബോട്ടിന് കഴിവുണ്ടെന്നും എന്‍ജിനീയര്‍ മഹ്മൂദ് ബിന്‍ അജ്‌ലാന്‍ പറഞ്ഞു.
അന്താരാഷ്ട്ര, ആഗോള എക്‌സിബിഷനുകളില്‍ ഇപ്പോള്‍ സ്മാര്‍ട്ട് റോബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റോബോട്ട് നിര്‍മിച്ച ഫാക്ടറിയിലെ വികസന വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ അല്‍സഈദ് അല്‍ദീബ് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന സാങ്കേതിക വികസനമാണ് റോബോട്ടുകള്‍. ഇത്തവണത്തെ റിയാദ് ബുക് ഫെയറില്‍ പങ്കെടുക്കുന്ന ചില പ്രസാധാക സ്ഥാപനങ്ങള്‍ ഇന്ററാക്ടീവ് റോബോട്ടുകളെ പ്രോഗ്രാം ചെയ്യാനും അവയുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അന്താരാഷ്ട്ര കമ്പനികള്‍ വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് റോബോട്ടുകളില്‍ ഉപയോഗിക്കുന്നത്.
റോബോട്ടിന് സര്‍വേ നടത്താനും ഒരു പബ്ലിഷിംഗ് ഹൗസിലോ ബുക് ഫെയറില്‍ മൊത്തത്തിലോ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം നിര്‍ണയിക്കാനും ലിംഗഭേദം, പ്രായം, രാജ്യം എന്നിവ അനുസരിച്ച് സന്ദര്‍ശകരെ തരംതിരിക്കാനും കഴിയുമെന്ന് എന്‍ജിനീയര്‍ അല്‍സഈദ് അല്‍ദീബ് പറഞ്ഞു.
റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന റിയാദ് ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ അടുത്ത മാസം അഞ്ചു വരെ തുടരും. വ്യത്യസ്ത പ്രായവിഭാഗത്തില്‍ പെട്ട സന്ദര്‍ശകര്‍ക്ക് അനുയോജ്യമായ, സൗദിയില്‍ നിന്നും മേഖലാ രാജ്യങ്ങളില്‍ നിന്നും ലോക രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ സാഹിത്യകാരന്മാരും ചിന്തകരും സാംസ്‌കാരിക നായകരും നയിക്കുന്ന കവിയരങ്ങളും ശില്‍പശാലകളും സംവാദ സെഷനുകളും സെമിനാറുകളും അടക്കം 200 ലേറെ സാംസ്‌കാരിക പരിപാടികള്‍ ബുക് ഫെയറില്‍ നടക്കുന്നുണ്ട്. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2,000 ലേറെ പബ്ലിഷിംഗ് ഹൗസുകളും ഏജന്‍സികളും ഇത്തവണത്തെ റിയാദ് ബുക് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്.