ജിദ്ദ – വെള്ളിയാഴ്ച വൈകീട്ട് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനു നേരെ ഇസ്രായില്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. ഹസന്‍ നസ്‌റല്ലയുടെ മകള്‍ സൈനബ് നസ്‌റല്ലയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ട വിവരം ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തിയെ ഔദ്യോഗികമായി അറിയിച്ചതായി മീഖാത്തിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുല്ല ഔദ്യോഗികമായി അറിയിക്കുന്നതിനു മുമ്പായി നസ്‌റല്ല കൊല്ലപ്പെട്ട വിവരം ലെബനീസ് പ്രധാനമന്ത്രി പുറത്തുവിടില്ലെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചതായി ലെബനീസ് രാഷ്ട്രീയ നിരീക്ഷികനും എഴുത്തുകാരനുമായ അന്‍വര്‍ മാലിക് പറഞ്ഞു.
ഹിസ്ബുല്ലയുടെ മെയിന്‍ ആസ്ഥാനത്തിനു നേരെ നടത്തിയ ആക്രമണത്തിനിടെ ഹസന്‍ നറല്ല കേന്ദ്രത്തിലുണ്ടായിരുന്നതായാണ് ഇസ്രായിലി ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹസന്‍ നസ്‌റല്ലയെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം വിജയകരമായിരുന്നെന്നാണ് ഇസ്രായിലിന്റെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രമുഖ ഇസ്രായിലി വാര്‍ത്താ ചാനലായ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലി ആക്രമണ സമയത്ത് ഹിസ്ബുല്ല കേന്ദ്രത്തിലുണ്ടായിരുന്നവര്‍ ജീവനോടെ ബാക്കിയാകാനുള്ള സാധ്യത തുലോം കുറവാണെന്ന് മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് ഹിശാം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തു നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായില്‍ സൈന്യം വെള്ളിയാഴ്ച രാത്രി ആവശ്യപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. രാത്രിയില്‍ എങ്ങോട്ടാണ് ഓടിപ്പോവുകയെന്ന് അറിയാതെ സ്ത്രീകള്‍ അടക്കമുള്ളവര്‍ കടുത്ത ഭീതി പ്രകടിപ്പിച്ചു. ഇസ്രായില്‍ ആക്രമണം ഭയന്ന് ആളുകള്‍ കൂട്ടത്തോടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങള്‍ തേടി കാല്‍നടയായും വാഹനങ്ങളിലും പരക്കംപാഞ്ഞു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തെ മുഴുവന്‍ കെട്ടിടങ്ങളും ഒഴിയണമെന്നാണ് ഇസ്രായില്‍ സൈന്യം വെള്ളിയാഴ്ച രാത്രി ആവശ്യപ്പെട്ടത്.