ജിദ്ദ – ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ശക്തമായ ആക്രമണങ്ങള്‍ ഇസ്രായില്‍ തുടരുന്നു. ദക്ഷിണ ബെയ്‌റൂത്തില്‍ ഇന്ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ഡ്രോണ്‍ യൂനിറ്റ് കമാണ്ടര്‍ മുഹമ്മദ് ഹുസൈന്‍ സുറൂര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ലയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ന് ഉച്ചക്കു ശേഷമുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും 15 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പരിക്കേറ്റവരില്‍ പെട്ട ഒരു വനിതയുടെ നില ഗുരുതരമാണ്. ദക്ഷിണ ലെബനോനിലെ അല്‍ഖാഇം ഡിസ്ട്രിക്ടില്‍ പത്തു നില കെട്ടിടത്തിലെ ഫ്‌ളാറ്റ് ലക്ഷ്യമിട്ട് എഫ്-15 യുദ്ധവിമാനത്തില്‍ നിന്ന് മൂന്നു മിസൈലുകള്‍ ഉപയോഗിച്ചാണ് ഇസ്രായില്‍ ആക്രമണ നടത്തിയത്.
അതേസമയം, ലെബനോനെതിരായ ആക്രമണം നിര്‍ത്തില്ലെന്നും ശക്തമായ ആക്രമണം തുടരുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലക്കും ഇസ്രായിലിനുമിടയില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവെച്ചതിനു പിന്നാലെ ലെബനോനില്‍ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്ന് ശക്തമായ ആക്രമണങ്ങള്‍ നടത്തി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ ആക്രമണം നടത്തുകയും ഇതിന് തിരിച്ചടിയെന്നോണം ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിക്കുകയും ചെയ്ത ശേഷം ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 1,250 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ പകുതിയോളം കഴിഞ്ഞ ദിവസങ്ങളിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ലെബനോനില്‍ 70,000 ലേറെ പേര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പലായനം ചെയ്ത 70,100 പേര്‍ അഭയകേന്ദ്രങ്ങളില്‍ കഴിയുന്നതായി ലെബനീസ് ആരോഗ്യ മന്ത്രി ബസ്സാം മൗലവി പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ അഞ്ചു ലക്ഷം പേര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിഭാഗം പേരും പലായനം ചെയ്തത് ദക്ഷിണ ലെബനോനില്‍ നിന്നാണ്.
അതേസമയം, ഉത്തര ഗാസയിലെ ജബാലിയ അഭയാഥി ക്യാമ്പില്‍ അഭയാര്‍ഥികള്‍ കഴിയുന്ന ഹഫ്‌സ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചിന്നിച്ചിതറിയ നിലയിലാണ് ഭൂരിഭാഗം മൃതദേഹങ്ങളും ആശുപത്രിയിലെത്തിച്ചത്. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിനു കീഴിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഗാസയില്‍ മാത്രം 96,092 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധത്തില്‍ ഗാസയില്‍ 41,534 പേര്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഫലസ്തീനികളെ എതിര്‍ക്കാന്‍ അമേരിക്ക നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്ക, ഇസ്രായിലിനോട് വെടിനിര്‍ത്തല്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എന്‍ രക്ഷാ സമിതിയുടെ മൂന്നു പ്രമേയങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. രക്ഷാ സമിതിയില്‍ അമേരിക്ക മാത്രം എഴുന്നേറ്റു നിന്ന് പോരാട്ടം തുടരുമെന്ന് പറഞ്ഞു. യുദ്ധം തുടരാന്‍ ഇത് ഇസ്രായിലിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്. ഗാസയിലെ ഭൂരിഭാഗം കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രായില്‍ സൈന്യം നശിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനെതിരെ സത്വരം ഉപരോധം ഏര്‍പ്പെടുത്തണം. മുമ്പ് അറിയാമായിരുന്ന ഗാസയിലേക്ക് പോകുന്ന ആര്‍ക്കും ഇപ്പോള്‍ ഗാസയെ തിരിച്ചറിയാന്‍ കഴിയില്ല. ഗാസയുടെ 75 ശതമാനവും പൂര്‍ണമായും തകര്‍ന്നിരിക്കുന്നു.
ഇസ്രായിലി സൈന്യത്തിന്റെ പിന്തുണയോടെ ജൂതകുടിയേറ്റക്കാരുടെ ഭീകര സംഘങ്ങള്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ നൂറുകണക്കിന് ഫലസ്തീന്‍ വീടുകള്‍ നശിപ്പിക്കുകയാണ്. ഗാസയില്‍ ‘പ്രായോഗികമായി’ കുട്ടികളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ജൂലൈയില്‍ യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ നെതന്യാഹു കള്ളം പറഞ്ഞു. എങ്കില്‍ ഗാസയില്‍ 15,000 കുട്ടികളെ കൊലപ്പെടുത്തിയത് ആരാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതും വംശഹത്യയും നിര്‍ത്തണം. ഇസ്രായിലിലേക്ക് ആയുധങ്ങള്‍ അയക്കുന്നതും നിര്‍ത്തണം. ഈ ഭ്രാന്ത് തുടരാനാവില്ല. ഗാസയിലും വെസ്റ്റ് ബാങ്കിലും ഞങ്ങളുടെ ജനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിന് ലോകം മുഴുവന്‍ ഉത്തരവാദികളാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ 1,500 ഹിസ്ബുല്ല പോരാളികള്‍ പോരാട്ടം നടത്താന്‍ കഴിയാത്ത നിലയിലാണെന്ന് ഹിസ്ബുല്ല നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. ഇവരില്‍ പലര്‍ക്കും കാഴ്ചശക്തിയും കൈകാലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഹിസ്ബുല്ല നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പേജര്‍, വാക്കി ടോക്കി സ്‌ഫോടനം ഹിസ്ബുല്ലക്കുള്ള കനത്ത പ്രഹരമായിരുന്നെങ്കിലും ഹിസ്ബുല്ല പോരാളികളില്‍ ഒരു ചെറിയ ഭാഗത്തെ മാത്രമാണ് ഇത് ബാധിച്ചത്. യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പ്രകാരം ഹിസ്ബുല്ലക്കു കീഴില്‍ 40,000 മുതല്‍ 50,000 വരെ പോരാളികളുണ്ട്. ഗ്രൂപ്പിനു കീഴില്‍ ഒരു ലക്ഷം പോരാളികളുണ്ടെന്ന് നേരത്തെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല പറഞ്ഞിരുന്നു.