ജിദ്ദ – അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നവരോട് യാതൊരുവിധ പക്ഷപാതവും കൂടാതെ കണക്കു ചോദിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടക്കുന്ന 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ‘ലീഡര്‍ഷിപ്പ് ഫോര്‍ പീസ്’ എന്ന ശീര്‍ഷകത്തില്‍ നടന്ന തുറന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും പ്രയോഗത്തിലൂടെയാണ് അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളോടും മാനദണ്ഡങ്ങളോടുമുള്ള ബഹുമാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുക.
നിലവിലെ ഇസ്രായില്‍ ആക്രമണം തടയാനുള്ള ഗൗരവത്തായ അന്താരാഷ്ട്ര നടപടികളുടെ അഭാവം ബഹുമുഖ അന്താരാഷ്ട്ര സംവിധാനത്തിന്റെ പോരായ്മകളുടെയും അന്താരാഷ്ട്ര രാഷ്ട്രീയ ഇച്ഛാശക്തിയുടെ ബലഹീനതയുടെയും നിര്‍ണായക തെളിവാണ്. സഹകരണത്തിനും വികസനത്തിനും വഴിയൊരുക്കുന്ന അടിത്തറ സമാധാനമാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു. ജനങ്ങളുടെ സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതും സമാധാനമാണ്.
സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും ഗതി വര്‍ധിക്കുകയും പൊതുവായ വെല്ലുവിളികളും ഭീഷണികളും പെരുകുകയും, സമാധാനത്തിന്റെയും വികസനത്തിന്റെയും ഭാവിയെ കുറിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കാനുമുള്ള അന്താരാഷ്ട്ര വ്യവസ്ഥതിയുടെ ശേഷിയിലുള്ള ആത്മവിശ്വാസ പ്രതിസന്ധി വര്‍ധിച്ചുവരികയും ചെയ്യുന്ന സമയത്താണ് യു.എന്‍ ജനറല്‍ അസംബ്ലി യോഗം ചേരുന്നത്. അന്താരാഷ്ട്ര ബഹുമുഖ പ്രവര്‍ത്തനത്തിന്റെ അവസ്ഥയും, പൊതുവായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലുമുള്ള വീഴ്ചയുടെ കാരണങ്ങളും വിലയിരുത്താന്‍ ഈ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ വെല്ലുവിളികളോട് പ്രതികരിക്കാനുള്ള സമാധാന, സുരക്ഷാ സംവിധാനത്തിന്റെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും കഴിവില്ലായ്മയില്‍ മാത്രം വെല്ലുവിളി പരിമിതപ്പെടുന്നില്ല, പകരം, സമാധാനത്തിനായുള്ള നേതൃത്വത്തിന്റെ അഭാവത്തിലേക്ക് സമകാലിക വെല്ലുവിളി വ്യാപിക്കുന്നു. സമാധാനമുണ്ടാക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം ആവശ്യമാണ്. സമാധാന പാതകളും രാഷ്ട്രീയ ഒത്തുതീര്‍പ്പുകളും തടസ്സപ്പെടുത്തുന്നതിനു പിന്നില്‍, കൂട്ടായ താല്‍പര്യങ്ങള്‍ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തെക്കാളും ഉപരിയായി വ്യക്തിതാല്‍പര്യങ്ങള്‍ക്കും പക്ഷപാതപരമായ പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുന്ന ചില രാഷ്ട്രീയ നേതാക്കളെ നാം കാണുന്നു. കടമകള്‍ നിര്‍വഹിക്കുന്നതില്‍ അന്താരാഷ്ട്ര സംഘടനകളുടെയും യു.എന്‍ രക്ഷാ സമിതിയുടെയും കാര്യക്ഷമതയില്‍ ഇത് വ്യക്തമായി പ്രതിഫലിച്ചു. അക്രമത്തിന്റെയും പ്രതിസന്ധികളുടെയും ചക്രത്തില്‍ നിന്ന് കരകയറാന്‍, ഉത്തരവാദിത്തമുള്ള അന്താരാഷ്ട്ര നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷയുടെയും സഹവര്‍ത്തിത്വത്തിന്റെയും ചെലവില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങളെ തടയുകയും വേണമെന്ന് സൗദി വിദേശ മന്ത്രി പറഞ്ഞു.
യു.എന്‍ രക്ഷാ സമിതിയുടെ പരിഷ്‌കരണ പ്രക്രിയ ത്വരിതപ്പെടുത്താനുള്ള ഗൗരവത്തായ പരിഗണന എക്കാലത്തെക്കാള്‍ കൂടുതലായി ഇപ്പോള്‍ അടിയന്തിരമായി മാറിയിരിക്കുന്നു. ബഹുരാഷ്ട്ര അന്താരാഷ്ട്ര സംവിധാനത്തെ പിന്തുണക്കുന്നത് സൗദി അറേബ്യ തുടരും. ബഹുരാഷ്ട്ര അന്താരാഷ്ട്ര സംവിധാനം വികസിപ്പിക്കാനും അതിന്റെ ഉദ്ദേശ്യങ്ങള്‍ പ്രാപ്തമാക്കാനും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ വിശ്വാസം പുനഃസ്ഥാപിക്കാനും രാജ്യം ശ്രമിക്കും. പൊതുവായ സുരക്ഷയും വികസനവും കൈവരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.