നിലമ്പൂർ- മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി ആക്രമിച്ച് പി.വി അൻവർ എം.എൽ.എ. ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ എന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. പാർട്ടി നേതാക്കളോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. അജിത് കുമാറും പി. ശശിയും വാറോല സംഘവും മാത്രം മതി എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. റിയാസിനെയും ബാക്കിയുള്ളവരെയും മാത്രം താങ്ങി നിർത്താനുള്ളതല്ല പാർട്ടി. ഒരു റിയാസ് മതിയോ എന്ന് പാർട്ടി ആലോചിക്കണം എന്നും അൻവർ ചോദിച്ചു. എന്നെ ഭീഷണിപ്പെടുത്താനാണ് നീക്കമെങ്കിൽ അതിൽ കീഴ്പ്പെടില്ല.
എ.ഡി.ജി.പി അജിത് കുമാർ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് അനുസരിച്ച് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരുടെ ആളാക്കി മാറ്റുകയാണ് ചെയ്തതെന്ന് പി.വി അൻവർ എം.എൽ.എ. നിലമ്പൂൂർ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്. ഞാൻ അറിഞ്ഞ വിവരം പുറത്തുപറഞ്ഞാൽ എ.കെ.ജി സെന്റർ പ്രവർത്തകർ കയ്യേറുമെന്നും അൻവർ പറഞ്ഞു.
പാർട്ടിയുടെ അഭ്യർത്ഥന മാനിച്ചാണ് ഇതേവരെ പരസ്യപ്രസ്താവന നടത്താതിരുന്നതെന്ന് പറഞ്ഞാണ് അൻവർ പത്രസമ്മേളനം തുടങ്ങിയത്. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ പ്രസ്താവന വിശ്വസിച്ചിരുന്നു. എന്നാൽ നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയില്ല. മലപ്പുറം എസ്.പി ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നില്ല. ഇതിനിടെയാണ് എടവണ്ണയിലെ റിദാൻ ബാസിൽ വധക്കേസിലും അട്ടിമറിക്കാണ് പോലീസ് ശ്രമിക്കുന്നത്. റിദാൻ വധക്കേസിലെ നിർണ്ണായക തെളിവുകളുള്ള റിദാന്റെ ഫോണിനെ സംബന്ധിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതിനാൽ വിചാരണ നിർത്തിവെച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എടവണ്ണ പോലീസ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിലും പാർട്ടി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയും എന്നെ കള്ളക്കടത്തുകാരനാക്കിയാണ് പരോക്ഷമായി സൂചിപ്പിച്ചത്.
എന്നെ കള്ളക്കടത്തുകാരനാക്കി കടന്നുപറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നെ കുറ്റവാളിയാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പാർട്ടി തിരുത്തും എന്ന് വിശ്വസിച്ചു. എനിക്ക് പാർട്ടിയിലായിരുന്നു വിശ്വാസം. ഇന്നലെയാണ് എം.വി ഗോവിന്ദൻ മാസ്റ്റർ തിരിച്ചെത്തിയത്. ഞാൻ കുറെക്കാലമായി പാർട്ടിക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. ഞാൻ കൊടുത്ത പരാതി പരിഗണിക്കാതെയാണ് അദ്ദേഹം പ്രതികരിച്ചത്. ഏവർക്കും മനസിലാകുന്ന ഭാഷയിലാണ് ഞാൻ എഴുതിയത്. പി. ശശിയെക്കുറിച്ചുള്ള പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. നാട്ടിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തായിരുന്നു ശിവശങ്കറും സ്വപ്നയും റൂം എടുത്ത് താമസിച്ചിരുന്നത്. എന്നിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും അൻവർ പറഞ്ഞു. ഇതുപോലെയുള്ള നൊട്ടോറിയസ് ക്രിമിനലിനെ എന്തിനാണ് മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നത്. ചിലപ്പോൾ മറ്റൊരു മരുമകനായിരിക്കുമോ എന്നും അൻവർ ചോദിച്ചു. ഈയൊരു മനുഷ്യന് വേണ്ടി പാർട്ടി സംവിധാനത്തെ ഒന്നാകെ തകർക്കുകയാണോ ചെയ്യുന്നത്.
പാർട്ടിയിലെ ഏറ്റവും സാധാരണക്കാരായ പ്രവർത്തകർക്കൊപ്പം സഹകരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. പാർട്ടി പ്രവർത്തകർക്ക് വേണ്ടിയാണ് ഞാൻ പറഞ്ഞത്. എന്നെ കള്ളക്കടത്തുകാരുടെ ആളെയാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. എല്ലാം അജിത് കുമാർ പറഞ്ഞുകൊടുത്തതാകും. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. എനിക്കിനി പ്രതീക്ഷ കോടതിയിലാണ്. പാർട്ടിക്കും പ്രവർത്തകർക്കും നൽകിയ ഉറപ്പ് ലംഘിച്ച് വീണ്ടും രംഗത്തെത്താൻ കാരണം പുതുതായി ലഭിച്ച വിവരങ്ങളാണെന്നും അൻവർ പറഞ്ഞു. സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചത് അൻവറാണോ എന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നെ പ്രതിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇന്ന് ഈ പത്രസമ്മേളനം നടത്താൻ പറ്റുമോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നെ ഇവിടെ നിന്ന് പിടിച്ചുകൊണ്ടുപോകുമോ എന്ന ഭയം പോലും എനിക്കുണ്ട്. മലപ്പുറത്തെ പാർട്ടി സെക്രട്ടറിയെ എങ്കിലും മുഖ്യമന്ത്രി വിളിക്കണമായിരുന്നു. കേസിൽ എന്നെ പോലീസ് പിടികൂടുമെന്ന ഭയമുണ്ട്. എന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയാനാണ് പത്രസമ്മേളനം വിളിച്ചു കാര്യങ്ങൾ പറയുന്നത്. തെളിവായി വീഡിയോ കൂടി പ്രദർശിപ്പിച്ചാണ് അൻവർ കാര്യങ്ങൾ വിശദീകരിക്കുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിറ്റിംഗ് ജഡ്ജിയുടെ കീഴിൽ അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും അൻവർ വെല്ലുവിളിച്ചു. അജിത്കുമാർ കൊണ്ടുവരുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്നും അൻവർ ചോദിച്ചു.
സ്വർണ്ണം പൊട്ടിക്കുന്നതിന്റെ തെളിവും അൻവർ പുറത്തുവിട്ടു. മുഖ്യമന്ത്രി ചതിച്ചുവെന്നും അൻവർ പറഞ്ഞു. ആ മനുഷ്യൻ എന്നെ ചതിച്ചുവെന്നാണ് അൻവർ ഇതേ സംബന്ധിച്ച് പറഞ്ഞത്. പോലീസിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഞാൻ ഏറെ സംതൃപ്തനായിരുന്നു. മുഖ്യമന്ത്രിയുമായി ഉച്ചക്ക് 12 മണിക്കാണ് കൂടിക്കാഴ്ച നടത്തിയത്. പരാതി വായിച്ച ശേഷം മുഖ്യമന്ത്രി ചില കാര്യങ്ങൾ ചോദിച്ചു. എന്റെ പിതാവിനെ പോലെ കണ്ടാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. എട്ടു മാസം മുമ്പേ ശശിയും അജിത്കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ കാര്യം വീണ്ടും ഓർമ്മിപ്പിച്ചു. ഇങ്ങിനെ ഒക്കെ ആയാൽ എന്താ ചെയ്യുക എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിസഹായവസ്ഥ എനിക്ക് ബോധ്യപ്പെട്ടു. പി.ശശി തന്നെയാണ് കാട്ടുകള്ളൻ എന്ന് ഞാൻ മനസിലാക്കി. പോലീസിലെ അരാജകത്വത്തിന് പിന്നിൽ ശശിയാണ്. 2021-ൽ രണ്ടാമതും പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിലാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ ഇപ്പോൾ പിണറായി വിജയൻ എന്ന സൂര്യൻ കെട്ടുപോയി. കേരളത്തിലെ 30 ശതമാനം കമ്യൂണിസ്റ്റുകാർക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ് എന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു.
കരഞ്ഞാണ് ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞത്. കരഞ്ഞാൽ കണ്ണ് ചുവന്നുതുടുക്കും. അജിത് കുമാർ അന്വേഷണത്തിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഡി.ജി.പി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഡി.ജി.പി പാവമല്ലേ എന്ന് മുഖ്യമന്ത്രിയോട് പറയുകയും ചെയ്തു. സുജിത് ദാസിനെ സസ്പെന്റ് ചെയ്തപ്പോഴും ശശിധരനെ മലപ്പുറം എസ്.പി സ്ഥാനത്തുനിന്ന് മാറ്റിയപ്പോഴും എനിക്ക് എന്തോ ചില സംശയങ്ങളുണ്ടായിരുന്നു. കേസന്വേഷണം സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് ഒന്നും നീങ്ങുന്നില്ല എന്ന് എനിക്ക് മനസിലായി. ഇതേ തുടർന്നാണ് വീണ്ടും പത്രസമ്മേളനം നടത്തിയത്. പാവപ്പെട്ട സഖാക്കളെ ഓർത്താണ് ഇതെല്ലാം ചെയ്തത്.
തിരുവനന്തപുരത്ത് ഫ്ലാറ്റ് വാങ്ങിയതിലും വിറ്റതിലും ഒരു രൂപയുടെ ചെക്കിന്റെ ഇടപാട് പോലും അജിത് കുമാർ നടത്തിയില്ല. ഇയാളെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നതെന്നും അൻവർ പറഞ്ഞു.
സാധാരണക്കാരായ അണികളെ ഒരു അഭിപ്രായം പോലും പറയാനാകാത്ത വിധം അച്ചടക്കത്തിന്റെ വാൾമുന കാണിക്കുകയാണ്. ഉന്നതരായ നേതാക്കൾക്ക് എന്ത് അഴിമതിയും നടത്താം ആരും ചോദിക്കാൻ പാടില്ല എന്നാണോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലൈൻ എന്നും അൻവർ ചോദിച്ചു. ഞാൻ ഇനിയും പ്രതികരിക്കുമെന്നും ആ വിഷയം ശരിയല്ലെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അൻവർ വ്യക്തമാക്കി. സംസ്ഥാനത്ത് നീതി നടപ്പാകുന്നില്ല. പാർട്ടി പ്രവർത്തകർക്കാണ് പോലീസ് സ്റ്റേഷനുകളിൽ പീഡനം നേരിട്ടത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും ഒന്നാണ്. ഇന്ത്യയിൽ ഒരിടത്തും ഇത്തരം അവസ്ഥയില്ല. നേതാക്കളുമായി ബന്ധപ്പെട്ട ഒരു വിഷയവും തെളിയാൻ പോകുന്നില്ല. ഇത്തരം വിഷയങ്ങൾ ഉന്നയിച്ചിട്ടും പ്രതിപക്ഷം ഈ വിഷയം ഏറ്റെടുക്കാത്തത് ഇതിന്റെ ഉദാഹരണമാണ്. തൃശൂരിൽ ബി.ജെ.പിക്ക് സീറ്റ് ഉണ്ടാക്കി കൊടുത്തത് അജിത് കുമാറാണ്. അതിൽ ഇനി അന്വേഷണം നടത്തിയിട്ട് വല്യ കാര്യവുമുണ്ടോ.
ലീഗ് സമുദായത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഒരു വിഷയത്തിലും ഇടപെടുന്നില്ല. കുഞ്ഞാലിക്കുട്ടിക്ക് ഒരു അഭിപ്രായവുമില്ല. കോൺഗ്രസിലും ഇതാണ് അവസ്ഥ. സുധാകരനും വി.ഡി സതീശനും ഒന്നും ഏറ്റെടുക്കില്ല. ഇവരെല്ലാം ഒന്നാണ്. ജനങ്ങളാകട്ടെ വിഡ്ഢികളുമാണെന്നും അൻവർ പറഞ്ഞു.
എന്റെ വീട്ടിലെ കാര്യങ്ങൾക്ക് വേണ്ടിയല്ല പുറത്തിറങ്ങിയത്. നാട്ടിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയണം. അതിന് വേണ്ടി സമരത്തിന് ഇറങ്ങിയത്. ഇനിയും മിണ്ടാതിരിക്കാനാകില്ലെന്നും അൻവർ പറഞ്ഞു.
കണ്ണൂരിലെ പ്രമാദമായ പല കേസുകളും അന്വേഷിച്ച സുകുമാരൻ എന്ന പോലീസുകാരൻ രണ്ടു മാസം മുമ്പ് ബി.ജെ.പിയിൽ ചേർന്നു. ഞാൻ ബന്ധപ്പെട്ട ഒരു സഖാവും പി.ശശിയെ പറ്റി നല്ല വാക്കു പറഞ്ഞിട്ടില്ല. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി ഇയാളെ കെട്ടിപ്പിടിച്ച് നടക്കുന്നതെന്നും അൻവർ ചോദിച്ചു.