തിരുവനന്തപുരം: ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ള ജനപ്രതിനിധികളും ചീഫ് സെക്രട്ടറി അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് നിധിൻ മധുകർ ജംദാറിന്റെ ജനനം. മുംബൈ ലോ കോളജിലായിരുന്നു നിയമ പഠനം. 2012-ൽ ബോംബെ ഹൈക്കോടതി ജസ്റ്റിസായി. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജഡ്ജിയാണ് നിതിൻ ജാംദാർ.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമ-വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.