മലയാളികളുടെ ഫുട്ബോൾ ആവേശത്തിന് കരുത്ത് പകർന്നു മഹീന്ദ്ര സൂപ്പർ ലീഗ് കേരള അഞ്ചാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ മുൻ ഇന്ത്യൻ ഇൻ്റർ നാഷണലും പ്രമുഖ പരിശീലകനായ എൻഎം നജീബ് സംസാരിക്കുന്നു. അദ്ദേഹത്തിനു പറയാൻ ഉള്ളത് 1960 മുതൽ 1990 കൾ വരെ നീണ്ട കേരള ഫുട്ബോളിലെ സുവർണ്ണ കാലഘട്ടത്തെ കുറിച്ച്. ഒപ്പം പുതുതായി തുടങ്ങിയ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയും.
കണ്ണൂർ ശ്രീനാരായണ, കോഴിക്കോട് നാഗ്ജി, തൃശൂർ ചാക്കോള, എറണാകുളം കെഎഫ്എ ഷീൽഡ്, കൊല്ലം മുൻസിപ്പൽ ഫുട്ബോൾ, തിരുവനന്തപുരം ജിവി രാജ.. തുടങ്ങി ഒട്ടനവധി ടൂർണമെൻ്റുകൾ ഇവിടെ നടന്നിരുന്നു. ഗ്യാലറി നിറയെ കാണികൾ, മലയാളി താരങ്ങൾക്കായി കൊൽക്കത്ത, മുംബൈ, ഗോവ ക്ലബുകൾ പണമെറിയുന്നു, ഇന്ത്യയിലെ പ്രമുഖ ടീമുകൾ എല്ലാം ടൂർണമെൻ്റുകൾ കളിക്കാൻ കേരളത്തിൽ തമ്പടിച്ച കാലം.
വീണ്ടും വസന്തം
മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണുമ്പോൾ ആ കാലത്തേക്ക് തിരിച്ചെത്തിയ പോലെ തോന്നുന്നുവെന്ന് നജീബ്.
1971 ൽ കോഴിക്കോട്ടുകാരൻ ഒളിമ്പ്യൻ റഹ്മാൻ തുടക്കമിട്ട കളമശ്ശേരി പ്രീമിയർ ടയേഴ്‌സ് ടീമിലൂടെയാണ് നജീബ് കളി തുടങ്ങുന്നത്. ഇന്ത്യൻ ഫുട്ബോളിൽ ചരിത്രം സൃഷ്ടിച്ച ആ ടീമിൽ വിക്ടർ മഞ്ഞിലയും
സേതുമാധവനുമായിരുന്നു ഗോൾ കീപ്പർമാർ. പ്രതിരോധത്തിൽ തമ്പി, പിപി പ്രസന്നൻ, മിത്രൻ, പി പൗലോസ്, ഹംസ, സി സി ജേക്കബ്, പ്രേംനാഥ് ഫിലിപ്പ് തുടങ്ങിയവർ. ഫാഫ് ബാക്കുകളായി ടിഎ ജാഫർ, ഗുണശേഖരൻ, മൊയ്തീൻ, കെ പി വില്യംസ്, രാമകൃഷ്ണൻ, മജീദ്, മൈക്കിൾ എന്നിവരും.
മുന്നേറ്റത്തിൽ സിഡി ഫ്രാൻസിസ്, ബ്ലാസി ജോർജ്, സേവ്യർ പയസ്, എൻഎം നജീബ്, ദിനകർ, ജഗദീഷ്, ഡോ. ബഷീർ എന്നിവരും പല കാലങ്ങളിൽ കളിച്ചു. അവർ ഒട്ടനവധി വിജയങ്ങൾ കൊണ്ടുവന്നു.
കൊൽക്കത്ത ഡേയ്സ്
പ്രീമിയർ വിട്ട ശേഷം, കൊൽക്കത്ത ഫുട്ബോളിൽ നജീബ് നിറഞ്ഞാടി. ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് ടീമുകൾക്ക്. പിന്നീട് ടൈറ്റാനിയം നിരയിലും കളിച്ചു. ഇന്ത്യൻ ടീമിലും ബൂട്ടണിഞ്ഞു. പിന്നീട് എസ്ബിടി ടീമിൻ്റെ പരിശീലകനായ നജീബ് അവരെ ഇന്ത്യയിലെ മുൻനിര ടീമാക്കി വളർത്തി. നിരവധി ഇൻ്റർനാഷണൽ താരങ്ങളെ ആ ക്ലബിലൂടെ ഉയർത്തി. ഇപ്പോഴും ഗ്രാസ്റൂട്ട് തലത്തിൽ കളിക്കാരെ വളർത്തിയെടുക്കുന്നു ഈ കോഴിക്കോട് സ്വദേശി.
സ്വപ്ന ലീഗ്
സൂപ്പർ ലീഗ് കേരളയെ കുറിച്ച് ചോദിക്കുമ്പോൾ നജീബ് പറയുന്നത് ഇങ്ങനെ –
‘ കേരള ഫുട്ബോൾ അനക്കമില്ലാതെ നിൽക്കുന്ന സമയത്താണ് മഹീന്ദ്ര സൂപ്പർ ലീഗ് കേരള തുടങ്ങുന്നത്. വലിയ നിലയിൽ ഫണ്ടിറക്കി ഇതിനായി മുൻകൈ എടുത്തവരെ അഭിനന്ദിക്കുന്നു. ഇത്രയും മികച്ച സംഘാടക മികവ് പ്രതീക്ഷിച്ചത് അല്ല. കളിക്കാൻ അവസരം ഇല്ലാതിരുന്ന യുവതാരങ്ങൾക്ക് പുതിയ വാതിലുകൾ തുറന്നുകിട്ടുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഉണർവ് കാണുന്നു. കാണികൾ ഗ്യാലറിയിൽ എത്തുന്നു. മികച്ച ശമ്പളത്തോടെ കളിക്കാർക്ക് അവസരം ലഭിക്കുന്നു. ആദ്യ സീസണിലെ കുറവുകൾ തീർത്ത് അടുത്ത സീസൺ കൂടുതൽ മനോഹരം ആവട്ടെ. കൂടാതെ ആറ് ടീമുകൾ എന്നത് അടുത്ത സീസണിൽ ഒൻപത് എങ്കിലും ആക്കാൻ നിലവിലെ ആരാധകരുടെ ആവേശം സംഘാടകർക്ക് പ്രചോദനം ആവണം. കാസർഗോഡ്, പാലക്കാട്, കൊല്ലം ഫ്രഞ്ചസികളും അടുത്ത വർഷം ഉണ്ടാവും എന്നാണ് പ്രതീക്ഷ ‘. നജീബ് സ്വപ്നങ്ങൾ പങ്കുവെച്ചു.