ജിദ്ദ – സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കാന്‍ ആവശ്യമായ ലൈസന്‍സും ഓപ്പറേറ്റിംഗ് കാര്‍ഡും നേടി പദവി ശരിയാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്നു മാസത്തെ സാവകാശം അനുവദിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. പദവി ശരിയാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്തും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഗതാഗത സേവനം നല്‍കുന്ന സ്ഥാപനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രക്രിയയില്‍ അനിശ്ചിതത്വം ഒഴിവാക്കാനുമാണ് സമയം അനുവദിച്ചതെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച സര്‍ക്കുലറില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കുന്ന സ്വകാര്യ സ്‌കൂളുകള്‍ പദവി ശരിയാക്കാന്‍ നേരിടുന്ന വെല്ലുവിളികള്‍ വിശകലനം ചെയ്യാന്‍ നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹും വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുനയ്യാനും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വിദഗ്ധരും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കുന്ന സ്വകാര്യ സ്‌കൂള്‍ പ്രതിനിധികളും യോഗം ചേര്‍ന്നിരുന്നു.
പദവി ശരിയാക്കല്‍ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സേവന നിലവാരം ഉയര്‍ത്താനും അതോറിറ്റി അതിയായി ആഗ്രഹിക്കുന്നു. പദവി ശരിയാക്കി ലൈസന്‍സും ഓപ്പറേറ്റിംഗ് കാര്‍ഡും നേടാന്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സാവകാശം നവംബര്‍ 24 ന് അവസാനിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.