നിലമ്പൂർ: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലെ സർക്കാർ അന്വേഷണത്തെ പരിഹസിച്ച് പി.വി അൻവർ എം.എൽ.എ. സർക്കാർ നടപടി 2024-ലെ ഏറ്റവും വലിയ തമാശയാണെന്നും എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്യുകയല്ല, സർവീസിൽനിന്ന് ഡിസ്മിസ് ചെയ്യണമെന്നാണ് തന്റെ പുതിയ ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് എല്ലാവർക്കും അറിയുന്ന പ്രബഞ്ച സത്യമാണ്. അയാൾക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന കാര്യവും അറിയാം. ഇതിലിനി എന്ത് അന്വേഷണമാണ് വേണ്ടത്? എന്തന്വേഷണമാണ് നടത്താൻ പോണത്?
ആർ.എസ്.എസുമായുള്ള എ.ഡി.ജി.പിയുടെ ബന്ധം പ്രബഞ്ച സത്യമാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്കത് ബോധ്യമാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ‘ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ സമയമെടുക്കുമെന്നായിരുന്നു’ മറുപടി.
അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. ചിലപ്പോൾ പതിനായിരം പ്രാവശ്യം ആർ.എസ്.എസ് നേതാക്കളുമായി അദ്ദേഹം കണ്ടിട്ടുണ്ടാകും. തൃശൂർ പൂരം കലക്കുന്നത് ചർച്ച ചെയ്യാൻ മാത്രമാകില്ല കണ്ടിട്ടാവുക. ആർഎസ്.എസ് നേതാക്കളുമായിട്ടാണ് അദ്ദേഹത്തിന്റെ ബന്ധങ്ങൾ. അവരുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. അതൊരു പ്രപഞ്ച സത്യമാണ്. തൃശൂർ പൂരം കലക്കിച്ചതാണ്. എ.ഡി.ജി.പിയാണതിന് പിന്നിൽ. അയാൾ നൊട്ടോറിയസ് ക്രിമിനലാണ്. അയാൾ പോലീസ് സേനയ്ക്ക് പറ്റുന്ന ആളല്ലെന്നും പി.വി അൻവർ ആരോപിച്ചു.