കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷ് രാജിവെക്കണമോ എന്നത് ഔചിത്യത്തിന്റെ പ്രശ്‌നമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി ടീച്ചർ.
ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ഒരു കുറ്റാരോപിതൻ എന്ന നിലയ്ക്ക് കോടതി വിധി വരുമ്പോഴേ നമുക്ക് അതിന്റെ ശരിതെറ്റുകൾ പൂർണമായി മനസ്സിലാവൂ. എങ്കിലും പ്രതിയായ എം.എൽ.എക്കും ഇരയ്ക്കും ഇതിന്റെ സത്യാവസ്ഥ ഇപ്പോൾതന്നെ പൂർണമായും അറിയും. അതിനാൽ നടൻ ഔചിത്യപൂർവം നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും അവർ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
രണ്ട് കോൺഗ്രസ് എം.എൽ.എമാരുടേതടക്കം ഉദാഹരിച്ച്, ലൈംഗിക കേസുകളിൽ ആരോപണ വിധേയനായ എം.എൽ.എമാർ രാജിവെക്കുന്ന പതിവ് കേരളത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എമ്മും സർക്കാറും എം മുകേഷ് എം.എൽ.എയെ ന്യായീകരിച്ചിരുന്നത്. ആരോപണം ഉയരുമ്പോൾ മന്ത്രിസ്ഥാനത്തുനിന്ന് മാറി നിൽക്കുന്നതുപോലെ എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെച്ചാൽ കോടതി വിധി ആരോപണ വിധേയനായ ആൾക്ക് അനുകൂലമായാൽ തിരിച്ചുവരാനാകില്ലെന്ന് പറഞ്ഞായിരുന്നു ഈ വാദം.
എന്നാൽ, നടനെതിരേ അതി ഗുരുതരമായ ആരോപണമാണ് ഉയർന്നതെന്നും മുകേഷ് എം.എൽ.എ സ്ഥാനം രാജിവെച്ച് അഗ്നിശുദ്ധി വരുത്തണമെന്നുമാണ് ആനി രാജയെ പോലുള്ള മുതിർന്ന ഇടതു നേതാക്കൾ അടക്കമുള്ളവർ പ്രതികരിച്ചത്.
കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് മുകേഷിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. ശേഷം വൈദ്യപരിശോധനയ്ക്കും വിധേയനാക്കി.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് പോലീസ് നടപടി. മരടിലെ ഫഌറ്റിലേക്ക് വിളിച്ചു വരുത്തി മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി എം.എൽ.എക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.