- മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകർ ചർച്ച നടത്തി
ന്യൂഡൽഹി: നടിയെ ബലാൽസംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗി സുപ്രീംകോടതിയിൽ ഹാജരായേക്കും. ഇതുസംബന്ധിച്ച് നടന്റെ അഭിഭാഷകർ മുഗുൾ റോഹത്ഗിയുമായി ചർച്ച നടത്തിയതായാണ് വിവരം.
നടന് മുൻകൂർ ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധിയുടെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ച നടന്നത്. ഗുജറാത്ത് കലാപം, ആര്യൻ ഖാൻ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് മുഗുൾ റോഹത്ഗി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനായി ഹാജരായതും മുഗുൾ റോഹത്ഗിയായിരുന്നു.
സിദ്ദിഖിനായി ഇന്നോ നാളെയോ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് നീക്കം. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള കാര്യങ്ങൾക്കൊപ്പം തെളിവ് ശേഖരിക്കാൻ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹരജിയിൽ വ്യക്തമാക്കാനാണ് സാധ്യത. സിദ്ദിഖിനെതിരേ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും സുപ്രീം കോടതിയെ അറിയിച്ച് മുൻകൂർ ജാമ്യം നേടാനുള്ള കിണഞ്ഞ ശ്രമമാണ് നടനുവേണ്ടി അദ്ദേഹത്തിന്റെ നിയമസംഘം നടത്തുക.
എന്നാൽ, മുൻകൂർ ജാമ്യ ഹരജി പരിഗണിക്കും മുമ്പേ ഒളിവിൽ കഴിയുന്ന സിദ്ദിഖിനെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. കൊച്ചിയിലും പരിസരത്തുമെല്ലാമുള്ള ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ എന്നു തുടങ്ങി സിദ്ദീഖ് ഒളിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളെല്ലാം പോലീസ് രഹസ്യമായി അരിച്ചുപൊറുക്കുകയാണ്.
2016-ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് നടി മൊഴി നൽകിയിരുന്നു. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നടനെ കുരുക്കിലാക്കുന്ന വിവിധ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് പറയുന്നത്. മ്യൂസിയം പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.
ആരോപണത്തിന് പിന്നാലെ സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെ വിവിധ നടൻമാർക്കും മറ്റുമെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ താരസംഘടനയ്‌ക്കെതിരേയും വൻ വിമർശങ്ങളുയർന്നിരുന്നു. സംഘടനയിൽ ഭിന്നസ്വരങ്ങളുയർന്നതോടെ നടൻ മോഹൻലാൽ അമ്മയുടെ അധ്യക്ഷസ്ഥാനം രാജിവെച്ച് എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു.