കൊച്ചി: യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ താര സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽസെക്രട്ടറി കൂടിയായ നടൻ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനായി പോലീസ് നീക്കങ്ങൾ ഊർജിതമാക്കി.
ഇന്നലെ നടൻ കൊച്ചി കാക്കാനാട് പടമുഗളിലെ വീട്ടിലുണ്ടായിരുന്നെങ്കിലും ഇന്ന് ഇവിടെയും ആലുവ കുട്ടമശ്ശേരിയിലെയും രണ്ടുവീട്ടിലും ഇല്ലെന്നും രണ്ടു ഫോണും സ്വിച്ച് ഓഫ് ആണെന്നും പോലീസ് പറഞ്ഞു. പ്രതി വിദേശത്തേക്കു കടക്കാതിരിക്കാനായി ലുക്ക് ഔട്ട് പുറപ്പെടുവിച്ചതായും പോലീസ് വ്യക്തമാക്കി.
അതിനിടെ, അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടാനാണ് നടന്റെ അഭിഭാഷകരായ രാമൻ പിള്ള അസോസിയേറ്റ്‌സ് ശ്രമിക്കുന്നത്. അത് പരിഗണിക്കുംവരെ സിദ്ദിഖ് ഒളിവിൽ കഴിയുമെന്നാണ് വിവരം. എന്നാൽ, ഈ ഒളിച്ചുകളിക്കിടെ സിദ്ദിഖിനെ പിടികൂടാനാകുമോ എന്നതാണ് പോലീസ് നേരിടുന്ന വെല്ലുവിളി. നടനെ അറസ്റ്റ് ചെയ്യാൻ സുപ്രിംകോടതി വിധി വരുംവരേ കാത്തിരിക്കേണ്ടതില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കടേഷ് നിർദേശം നൽകിയതെന്നാണ് അറിയുന്നത്.
അതിനിടെ, കേസിലെ രഹസ്യ വിവരങ്ങൾ പുറത്തായതിൽ പരാതിക്കാരിയായ നടി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് പരാതി നല്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സമയം കിട്ടിയിട്ടുണ്ടെന്നും അവർ പരാതിപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും നടി ഉയർത്തിയിട്ടുണ്ട്.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സിദ്ദിഖിനെതിരെ ചുമത്തിയത്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘവും പറയുന്നു.
നടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലെത്തിച്ച് ബലാൽസംഗം ചെയ്തുവെന്നായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതി. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയത്. 28ന് വൈകിട്ട് അഞ്ചുവരെ സിദ്ദിഖ് ഹോട്ടലിലെ 101 ഡി റൂമിലുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഈ സമയം നടിയും ഹോട്ടലിൽ അതേ റൂമിൽ എത്തിയതിന് തെളിവുകളുണ്ട്. ഇതു കൂടാതെ മറ്റു ചില തെളിവുകളും സാക്ഷി മൊഴികളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ടെന്നാണ് വിവരം.
കേസ് തെളിയിക്കപ്പെടുകയാണെങ്കിൽ 376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീളുന്നതുമായ തടവും പിഴയും ശിക്ഷയാണ് ലഭിക്കുക. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടു വർഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ആണ് വിധിക്കുക.