ന്യൂഡല്‍ഹി. കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്‌കർ 2025ൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി. വിദേശ ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുകയെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. 12 ഹിന്ദി ചിത്രങ്ങളും, 6 തമിഴ് ചിത്രങ്ങളും 4 മലയാള ചിത്രങ്ങളുമാണ് ഓസ്‌കര്‍ എന്‍ട്രിക്കായി പരിഗണിക്കപ്പെട്ടത്. 13 അംഗ ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മലയാള ചിത്രം ആട്ടം, കാന്‍സില്‍ പുരസ്‌കാരം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ലാപതാ ലേഡീസ് മുന്നിലെത്തിയത്.
പുതുമുഖ നടീനടന്‍മാരെ അണിനിരത്തി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് നിര്‍മ്മിച്ചത് കിരണ്‍ റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ്. നിതാന്‍ഷി ഗോയല്‍, പ്രതിഭ രത്‌ന, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍ എന്നീ പുതുമുഖ താരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ലാപതാ ലേഡീസ് ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചത് സ്‌നേഹ ദേശായി. കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
മാര്‍ച്ച് ഒന്നിനായിരുന്നു ഇന്ത്യയില്‍ തിയറ്റുകളില്‍ ഈ സിനിമ റിലീസ് ചെയ്തത്. ബോക്‌സോഫീസില്‍ വലിയ തോതില്‍ പണം വാരിയില്ലെങ്കിലും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഏറെ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി. സ്ത്രീകളുടെ അഭിലാഷങ്ങളെയും സ്വപ്‌നങ്ങളെയും വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ബന്ധിക്കുന്ന പുരുഷാധിപത്യ കുടുംബ സംവിധാനത്തിനെതിരായ ഒരു ചിത്രമാണിത്. സിനിമാ നിരൂപകരില്‍ നിന്നും ഏറെക്കുറെ പോസിറ്റീവായ നിരൂപണങ്ങളാണ് ചിത്രം നേടിയത്.