ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനക്കു പിന്നാലെ, നിലമ്പൂർ എം.എൽ.എ പി.വി അൻവർ ആരോപണങ്ങളിൽ താൽകാലിക വെടിനിർത്തലിന് നിർബന്ധിതനായെങ്കിലും അൻവറിനുള്ള പിന്തുണ ആവർത്തിച്ച് സി.പി.എം നേതാവും കായംകുളം എം.എൽ.എയുമായ യു പ്രതിഭ രംഗത്ത്.
അൻവറിന് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്നും എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ അന്വേഷണ വിധേയമായി മാറ്റണമെന്നും അവർ മലയാള മനോരമ ഓൺലൈനുമായുള്ള സംഭാഷണത്തിൽ പറഞ്ഞതായാണ് റിപോർട്ട്. അൻവറിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ‘പിന്തുണ അങ്ങനെ മാറ്റേണ്ട ഒന്നല്ലല്ലോ. ആജീവനാന്ത പിന്തുണയാണ് അൻവറിനു നൽകിയതെന്നായിരുന്നു’ മറുപടി.
എന്റെ പിന്തുണ തേടുന്നയാളല്ല അദ്ദേഹം. അൻവറിന്റെ നിരീക്ഷണങ്ങൾ കൃത്യമാണ്. ഒരു വ്യക്തി സർവീസിൽ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. എ.ഡി.ജി.പിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്റെ ധൈര്യത്തിന് പിന്തുണ നൽകേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങളാണത്.
അൻവർ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കപ്പെടേണ്ടത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പ്രധാനപ്പെട്ടതാണ്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അൻവറിന് സി.പി.എമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല. അൻവറിനെ ഒറ്റപ്പെടുത്തിയാൽ ഇനി ആരും ഇതുപോലുള്ള കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചുപറയാൻ ധൈര്യത്തോടെ മുന്നോട്ടുവരണം.
ഈ വിഷയത്തിൽ അൻവറിനെ ആദ്യം മുതൽ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിനു നൽകുന്ന പിന്തുണ ആജീവനാന്തമാണെന്നും യു പ്രതിഭ എം.എൽ.എ വ്യക്തമാക്കി.
എ.ഡി.ജി.പി-ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാനാവില്ല. സർവീസിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കമുണ്ട്. ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് എന്തും പറയാം, പ്രവർത്തിക്കാം. സുരേഷ് ഗോപി സിനിമ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം. ജനപ്രതിനിധികളായാലും സത്യസന്ധമായി മനുഷ്യർക്കു വേണ്ടിയാണ് പണിയെടുക്കേണ്ടത്.
പോലീസ് തലപ്പത്തുവള്ളവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യരുത്. അനധികൃതമായി ആര് സ്വത്ത് സമ്പാദിച്ചാലും തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുമ്പോൾ വളരെ വേഗത്തിലാണ് ഇടപെടലുണ്ടായതെന്നും എം.എൽ.എ പ്രതികരിച്ചു.
നിലമ്പൂർ എം.എൽ.എ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മറ്റും ആരോപണവുമായി രംഗത്തെത്തിയതിന്റെ തുടക്കത്തിൽ തന്നെ ‘അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും ഐ.പി.എസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് തുറന്നുകാണിച്ചതെന്നും പിന്തുണയുണ്ടെന്നും യു പ്രതിഭ പറഞ്ഞിരുന്നു. പറഞ്ഞ കാര്യത്തിൽ കഴമ്പുണ്ടോ എന്നാണ് നോക്കേണ്ടത്. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. വേലി തന്നെ വിളവ് തിന്നാൻ പാടില്ലെന്നും അന്ന് യു പ്രതിഭ പ്രതികരിച്ചിരുന്നു.
എന്നാൽ, ഇന്നലെ രാത്രിയോടെ പാർട്ടിക്കാരോട് മാപ്പ് ചോദിച്ചും പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും പിന്നോട്ടില്ലെന്നും പരസ്യപ്രസ്താനയിൽ തത്കാലം പിൻവാങ്ങുന്നുവെന്നും എഫ്.ബിയിൽ പ്രതികരിച്ച് അൻവർ, സി.പി.എം നേതൃത്വത്തിന് വഴങ്ങിയിട്ടും വനിതാ എം.എൽ.എ വീണ്ടും രംഗം കൊഴുപ്പിച്ചത് ചർച്ചയാകുമെന്നുറപ്പാണ്. പാർട്ടി നേതൃത്വവും അണികളുമെല്ലാം ഇത് ചോദ്യം ചെയ്യുമെന്നിരിക്കെ, ഇപ്പറഞ്ഞതെല്ലാം അവർ ആവർത്തിക്കുമോ അതോ നിഷേധിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. സൈബർ സഖാക്കളും വനിതാ എം.എൽ.എയുടെ നിലപാടിനെ എങ്ങനെ സമീപിക്കുമെന്നതും വരും മണിക്കൂറുകളിൽ വ്യക്തമാവും.