ന്യൂദല്‍ഹി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത എട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നത് സുപ്രീം കോടതി ചോദ്യം ചെയ്തതിനു തൊട്ടു പിന്നാലെ ഈ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൊളീജിയം ശുപാര്‍ശ ഉണ്ടായിട്ടും ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം വൈകിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിയമനം വൈകിപ്പിക്കുന്നതിനെതിരെ നിലപാടെടുത്തത്. ഈ നിയമനങ്ങള്‍ നടത്തുന്നതിന് എന്താണ് ബുദ്ധിമുട്ട് എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കൊളീജിയം വെറുമൊരു സെര്‍ച്ച് കമ്മിറ്റി അല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്രത്തെ ഉണര്‍ത്തി.
ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ എട്ടു ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമിറക്കി. ഇതു പ്രകാരം ദല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനെ ചീഫ് ജസ്റ്റിസാക്കി നിയമിച്ചു. ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് ശാക്ധറിനെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് കുമാര്‍ കയ്ത്തിനെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും കല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖര്‍ജിയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ജസ്റ്റിസ് ശ്രീറാം കല്‍പ്പാത്തി രാജേന്ദ്രനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജമ്മു കശ്മീര്‍ ആന്റ് ലഡാക്ക് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തഷി റബ്‌സ്താനെ ഇതേ കോടതിയില്‍ ചീഫ് ജസ്റ്റിസായും ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവുവിന്റെ നിയമനം കേന്ദ്ര നിയമ, നീതിതന്യായ മന്ത്രാലം വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2023 ഡിസംബര്‍ മുതല്‍ ചീഫ് ജസ്റ്റിസില്ലാതെയാണ് ഹൈക്കോടതി പ്രവര്‍ത്തിക്കുന്നതെന്നും കൊളീജിയം ശുപാര്‍ശ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.
ഈ ഹരജിക്കൊപ്പം, ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശുപാര്‍ശ വന്നാല്‍ ഉടന്‍ നിയമനത്തിന് നിശ്ചിത സമയ പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു പൊതുതാല്‍പര്യ ഹരജി കൂടി സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഇവ പരിഗണിക്കവെയാണ് കൊളീജിയം ശുപാര്‍ശയില്‍ നിയമനം നടത്താന്‍ എന്താണ് ബുദ്ധിമുട്ടുകളെന്ന് വ്യക്തമാക്കി തല്‍സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആറു മാസമായി നടപടി എടുക്കാതിരുന്ന ശുപാര്‍ശകളില്‍ നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനമിറക്കിയത്.